കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന ഇര സിലി സെബാസ്റ്റ്യന്റെ പിഞ്ചുകുഞ്ഞ് ആല്‍ഫൈനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ ജോളി എന്ന ജോളിയമ്മ ജോസഫി(47)ന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് അനുമതി തേടി തിരുവമ്പാടി ഇന്‍സ്പെക്ടര്‍ ഷജു ജോസഫ് ശനിയാഴ്ച കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് അന്വേഷണസംഘം ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ജോളിക്ക് പുറമേ കാക്കവയല്‍ മഞ്ചാടി വീട്ടില്‍ എംഎസ് മാത്യു, മാത്യുവിന് സയനൈഡ് നല്കിയ പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ എന്നിവരെയും കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം സൗജന്യ നിയമസഹായമൊരുക്കുന്നതിനായി കോടതി നിയോഗിച്ച അഭിഭാഷകന് കെ.ഹൈദര്‍ ജോളിക്ക് വേണ്ടി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.