വാഴക്കുളം: എടിഎം കവർച്ചാ ശ്രമക്കേസിൽ പിടിയിലായ മുഖ്യപ്രതി ആസാം സ്വദേശി ജഹുറുൽ ഇസ്ലാ(19)മിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികൾക്കായി വിവിധ സംസ്ഥാനങ്ങളിൽ തെരച്ചിൽ വ്യാപകമാക്കി. ഇവർ ഉടൻ പിടിയിലാകുമെന്നു പോലീസ് വ്യക്തമാക്കി.മുഖ്യപ്രതി പിടിയിലായ വിവരം അറിഞ്ഞതോടെ ആസാമിലുണ്ടായിരുന്ന മറ്റു മൂന്നു കൂട്ടുപ്രതികളും സ്ഥലം വിട്ടതായാണ് സൂചന. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നാണ് ഇയാൾ പറയുന്നത്.
ഇതിനിടെ, ജഹുറുൽ ഇസ്ലാമിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. ഇന്നലെ രാവിലെ 10ന് ബാങ്കിന്റെ എടിഎം കൗണ്ടറിലും തുടർന്ന് റബർ തോട്ടത്തിലും പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി.സംഭവത്തിനുശേഷം തോട്ടത്തിലെ ചെറിയ കുഴികളിലായി ഉപേക്ഷിച്ചിരുന്ന ചുറ്റികയും അലവാങ്കും (ഒരറ്റത്ത് വീതിയുള്ള കമ്പി) പ്രതി കണ്ടെടുത്തു നൽകി. നേരത്തെ ഇയാൾ മൂന്നാഴ്ചയോളം ക്ലീനിംഗ് ജോലി ചെയ്തിരുന്ന വാഴക്കുളത്തെ ബാർ ഹോട്ടലിലും എത്തിച്ചു തെളിവെടുപ്പു നടത്തി.
തുടർന്ന് പെരുമ്പാവൂരിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലും എത്തിച്ചു. ജോലി ചെയ്തിരുന്ന പെരുമ്പാവൂർ മേഖലകളിലെ തൊഴിലിടങ്ങളിൽ ഇന്ന് പ്രതിയെ കൊണ്ടുവന്ന് വിശദമായ തെളിവെടുപ്പു നടത്തും.ആസാമിൽ നിന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇന്നോടെ അന്വേഷണം പൂർത്തിയാക്കി നാളെ തിരികെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഓഗസ്റ്റ് 22 ന് രാത്രിയിലാണ് വാഴക്കുളം കല്ലൂർക്കാട് കവലയ്ക്കു സമീപം പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ഓഫീസിനോടു ചേർന്നുള്ള കൗണ്ടറിൽ നിന്ന് എടിഎം, സിഡിഎം മെഷിനുകൾ തകർത്ത് പണം കവരാൻ ശ്രമിച്ചത്. മെഷീൻ പുറത്തെത്തിച്ചെങ്കിലും തകർക്കാൻ കഴിയാത്തതിനാൽ പണം കവരാൻ കഴിഞ്ഞില്ല.
വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സംഭവസ്ഥലത്തെത്തിയെങ്കിലും രാത്രിയിൽ മഴ പെയ്തിരുന്നതിനാൽ ഫലപ്രദമായ തെളിവുകൾ ലഭിച്ചില്ല. തുടർന്നാണ് സമീപത്തുള്ള റബർ തോട്ടത്തിൽ നിന്ന് കത്തിയും കൈയുറയും അടങ്ങിയ ബാഗ് ലഭിച്ചത്.ഇതിലുണ്ടായിരുന്ന സെൽഫോൺ വാങ്ങിയ ബില്ലിലും സിസി കാമറ ദൃശ്യങ്ങളിലും നിന്നു തുടങ്ങിയ അന്വേഷണമാണ് ആസാം സ്വദേശികളായ അഞ്ചുപേരിലെത്തിയത്.