തൃശൂർ: തകർന്നു തരിപ്പണമായിക്കിടക്കുന്ന കുതിരാനിലെ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നവംബർ ഒന്നു മുതൽ നടത്താനിരുന്ന ബസ് സമരത്തിൽനിന്നു പിൻമാറണമെന്ന് ബസ് ഉടമ പ്രതിനിധികളോടു മന്ത്രി എ.സി. മൊയ്തീൻ ആവശ്യപ്പെട്ടു. കുതിരാൻ ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ കളക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. മഴയില്ലെങ്കിൽ കുഴികൾ അടച്ച് രണ്ട് ദിവസത്തിനകം ടാറിംഗ് തുടങ്ങുമെന്നും വലിയ കണ്ടെയ്നർ വാഹനങ്ങൾ വഴി തിരിച്ചുവിടാനോ, രാത്രി പത്തിനുശേഷം മാത്രം കുതിരാനിൽ പ്രവേശിപ്പിക്കുവാനോ വേണ്ടുന്ന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പ് നൽകി.
പെട്ടെന്നു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ സമരത്തിൽ നിന്നും പിൻമാറുമെന്ന് ബസ് ഉടമ പ്രതിനിധികൾ അറിയിച്ചു.ഇരുന്പുപാലം വരെയുള്ള നാലു കിലോമീറ്റർ പരിധിയിലാണ് അറ്റകുറ്റപ്പണികൾ പെട്ടെന്നു തീർക്കേണ്ടതെന്നും അതിനുശേഷം ദേശീയപാതയിലെ കുഴികൾ കോണ്‍ക്രീറ്റും മെറ്റലും ചേർത്ത് അടച്ച് റീടാറിംഗ് ചെയ്താലേ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും നിരത്ത് ഗതാഗതയോഗ്യമാകൂ എന്നും ബസ് ഉടമ ഭാരവാഹികൾ പറഞ്ഞു.
ടണൽ തുറക്കണം എന്ന നിർദ്ദേശത്തോടു ടണലിലൂടെ പോകുന്ന വാഹനങ്ങളുടെ പുക പുറത്തു പോകാൻ സൗകര്യമില്ലാത്തതിനാൽ കാർബണ്‍ ശ്വസിച്ച് അപകട സാധ്യത ഏറുമെന്നും മന്ത്രി പറഞ്ഞു. നവംബർ ഒന്നിനകം കുഴികൾ അടയ്ക്കാനാകുമെന്ന് കളക്ടർ യോഗത്തെ അറിയിച്ചു. ബസ് ഉടമ പ്രതിനിധികൾ, പീച്ചി-മണ്ണുത്തി പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.