കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സഹപാഠികളുടെ കളിയാക്കലുകളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചില സഹപാഠികള്‍ കളിയാക്കിയതായി മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്നു കിട്ടിയ കത്തില്‍ പരാമര്‍ശമുണ്ട്. അവരെ ചോദ്യം ചെയ്‌തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിംഗ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല. ഹൈസ്‌കൂള്‍തലം മുതല്‍ അടുത്ത സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നോക്കിയപ്പോഴാണു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
സ്‌കൂളിലെ എന്‍എസ്എസ് വൊളന്റിയര്‍മാരായ ഇരുവരെക്കുറിച്ചും എല്ലാവര്‍ക്കും നല്ല അഭിപ്രായമുണുണ്ടായിരുന്നത്. ഇവര്‍ പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. മാതാപിതാക്കള്‍ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്ന് പോലീസ് വ്യക്തമാക്കി.