ലണ്ടൻ : മോഡലിംഗിലും ഫാഷൻ ഡിസൈനിംഗിലും നിലവിലുള്ള മുൻധാരണകളെല്ലാം കാറ്റിൽപറത്തി ലണ്ടനിൽ മോഡലിംഗ് രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തരപ്രശസ്തിയുടെ നിറവിലാണ് മലയാളിയായ സഞ്ജുന.
മനോഹരമായ ശരീരരൂപഘടനയും നിറപ്പൊലിമയുമുള്ള യുവസുന്ദരികൾക്കു മാത്രമേ മികച്ച മോഡലുകളാവാൻ സാധിക്കൂ എന്ന പൊതുധാരണയെ തകിടം മറിച്ചുകൊണ്ടായിരുന്നു അണിയാരത്തുകാരി സഞ്ജുന മഡോണക്കെണ്ടിയുടെ അവിശ്വനീയമായ ഈ മുന്നേറ്റം.
ഉടലഴകിനൊത്ത വെളുത്തനിറം ,തൊലിമിനുപ്പ് ,ഉയരം ,തൂക്കം ,വണ്ണം ,ഒപ്പം കണ്ണഴക് ,മുടി ,നടത്തം ഇതിനെല്ലാം പുറമെ നല്ല കാമറ സെൻസ് തുടങ്ങി മോഡലിംഗ് രംഗത്ത് നിലനിന്നുവരുന്ന പെണ്ണഴകിന്റെ പൊതുമാനദണ്ഡങ്ങൾ തിരുത്തിക്കുറിച്ചും മറികടന്നും ലണ്ടനിലെ മോഡലിംഗ് പ്രഫഷണൽ രംഗത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുകയാണ് സഞ്ജുന എന്ന ഗ്രാമീണസുന്ദരി.
ഫാഷനെക്കുറിച്ചുള്ള വ്യക്തമായ ധാരണകളോ അവഗാഹമോ, സിനിമാ പശ്ചാത്തലമോ ഒന്നുംതന്നെ മുൻപരിചയമുള്ളതായി സഞ്ജുനക്ക് അവകാശപ്പെടാനില്ല. പ്രശസ്ഥ ബ്രിട്ടീഷ് ഡിസൈനർ ചാർലീസ് ഫ്രെഡറിക് വർത്ത് അരനൂറ്റാണ്ടിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ മേരി അഗസ്റ്റിൻ വെർനറ്റ് എന്ന സ്ത്രീയെയാണ് ലോകത്തെ ആദ്യത്തെ ജീവനുള്ള പരസ്യമോഡലായി രംഗാവിഷ്കാരം നടത്തി തുടക്കംകുറിച്ചതെന്ന് സഞ്ജുന പറഞ്ഞു .
2011 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് അപ്പാരൽ ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടിയശേഷം ഒരു ഫാഷൻ സ്ഥാപനത്തിൽ ജൂണിയർ ഫാഷൻ ഡിസൈനറായി ജോലിയിൽ പ്രവേശിച്ചു. തുടർന്നു ഇന്റേഷണൽ ബിസിനസിൽ എംബിഎ സ്വന്തമാക്കി.
ഏറെ താമസിയാതെ ഇന്ത്യയിലെ പ്രശസ്ത അണ്ടർവെയർ നിർമാതാക്കളായ “സിവമെ’ യുടെ അടിവസ്ത്രങ്ങൾക്കായുള്ള സ്പെഷൽ ഡിസൈനറായി സ്ഥാനമേറ്റു. അറിവും അനുഭവങ്ങളും ആത്മവിശ്വാസവും കൈമുതലായതോടെ സഞ്ജുന ആയോധനകലയായ കരാട്ടെയിൽ പരിശീലനവും നേടി. മാത്രവുമല്ല വിദേശീയ നടീനടന്മാർക്കൊപ്പം ചില ഹൃസ്വ ചിത്രങ്ങളിൽ ആക്ഷൻ സീനുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവസരം ലഭിച്ചാൽ ഇന്ത്യൻ സിനിമയിലും പരസ്യരംഗത്തും ഒരു കൈ നോക്കാനും സഞ്ജുനക്ക് മോഹമുണ്ട്.
കണ്ണൂർ അണിയാരത്തു മഡോണക്കെണ്ടിയിൽ കണ്ണന്റേയും സരോജത്തിന്റേയും മകളാണ് സഞ്ജുന. സഹോദരങ്ങൾ: സനൂപ് , സനിഷ.
റിപ്പോർട്ട്: ശ്രീരാജ് കടയ്ക്കൽ