തൊടുപുഴ: മത്സ്യങ്ങൾ പഴക്കമുള്ളതാണോയെന്നുള്ള പരിശോധന തകൃതിയായി നടക്കുന്പോഴും പഴകിയ മൽസ്യങ്ങൾ വ്യാപകമായി വിൽപ്പന നടത്തുന്നു. പച്ച മൽസ്യത്തിനു പുറമെ കഴിഞ്ഞ ദിവസം പഴകിയ ഉണക്കമൽസ്യവും തൊടുപുഴയിൽ നിന്നും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. പഴകിയ മത്സ്യം പിടികൂടിയാൽ തന്നെ നടപടികൾ പിഴയടയ്ക്കലിൽ മാത്രം ഒതുങ്ങുന്നതിനാൽ പഴകിയ മൽസ്യങ്ങളുടെ വിൽപ്പന വീണ്ടും അനസ്യൂതം തുടരുകയാണ്.
ഇതിനിടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മൽസ്യം പഴകിയതാണോ രാസ പദാർഥങ്ങൾ കലർത്തിയതാണോയെന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് പേപ്പർ സ്ട്രിപ്പുകൾ പൊതു മാർക്കറ്റിൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഫിഷറീസ് വകുപ്പ നടത്തിയെങ്കിലും ഇതും നടപ്പിലായില്ല. ഇപ്പോഴും അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റുമുള്ള മൽസ്യം വൻതോതിൽ അതിർത്തി കടന്നെത്തുന്നുള്ളതായാണ് സൂചന.
ഇതിനിടെ ചെറുകിട മൽസ്യ സ്റ്റാളുകളിൽ പരിശോധന നടത്തുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ മാർക്കറ്റുകളിൽ പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. തൊടുപുഴ മേഖലയിൽ അടുത്ത നാളുകളിൽ ഒട്ടേറെ മൽസ്യ സ്റ്റാളുകളിൽ നിന്നും പഴകിയ മൽസ്യം പിടി കൂടിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിനു പുറമെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മൽസ്യമാർക്കറ്റിൽ നിന്നും പഴകിയ ഉണക്കമൽസ്യവും പിടികൂടിയത്. എന്നാൽ ഇത്തരത്തിൽ പിടികൂടുന്പോൾ ചെറിയ പിഴയടയ്ക്കലിൽ വിഷയം ഒതുങ്ങിപോകും. പിടിച്ചെടുത്ത സാന്പിളുകളുടെ പരിശോധന ഫലം പോലും പിന്നീട് പുറത്തു കാണില്ലായെന്നതാണ് വസ്തുത. ജില്ലയിൽ പേപ്പർ സ്ട്രിപ്പുകൾ അടങ്ങിയ കിറ്റുകൾ ഉപയോഗിച്ചാണ് മൽസ്യ പരിശോധന.
മൽസ്യത്തിൽ രാസ പദാർഥങ്ങൾ അടങ്ങിയിട്ടേുണ്ടാ എന്ന് തിരിച്ചറിയുന്നതിനായി ഫിഷറീസ് വകുപ്പ് വികസിപ്പിച്ചെടുത്ത പരിശോധന കിറ്റുകളാണ് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപയോഗിക്കുന്നത്. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പരിശോധന കിറ്റുകളാണ് ഇവ. മൽസ്യങ്ങളിൽ ഫോർമാലിൻ, അമോണിയ പോലെയുള്ള രാസ വസ്തുക്കൾ കലർന്നിട്ടുണ്ടോയെന്നറിയാനാണ് ഇത്തരം പേപ്പർ സ്ട്രിപ്പുകൾ ഉപയോഗിക്കുന്നത്.
നേരത്തെ കിറ്റുകൾ ഉപയോഗിച്ച് ഫിഷറീസ് വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ടു തന്നെ പരിശോധന നടത്താൻ കഴിയും. രാസ പദാർഥങ്ങളുടെ സാന്നിധ്യമോ പഴക്കമോ സംശയകരമായി കണ്ടെത്തിയാൽ ഉൽപ്പന്നം വിശദ പരിശോധനക്കായി കെമിക്കൽ ലാബുകളിലേക്ക് അയക്കേണ്ടതായി വരും.
നിലവിൽ പിടിച്ചെടുക്കുന്ന സാന്പിളുകൾ കാക്കനാട്ടെ കെമിക്കൽ ലാബിലേക്കാണ് പരിശോധനക്കായി അയയ്ക്കുന്നത്. എന്നാൽ ഇവിടെ നിന്നുള്ള പരിശോധന ഫലം ലഭിക്കാൻ കാലങ്ങൾ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇതാണ് വീണ്ടും പഴകിയ മൽസ്യം മാർക്കറ്റുകളിൽ വിൽപ്പനയ്ക്കെത്താൻ കാരണമെന്നാണ് സൂചന. സാധാരണക്കാർക്ക് മൽസ്യം പഴക്കമേറിയതാണോയെന്നറിയാനുള്ള സംവിധാനമില്ലാത്തതിനാൽ ഇവ വാങ്ങുക മാത്രമാണ് ഉപയോക്താക്കൾക്ക് മുന്നിലുള്ള മാർഗം.