ന്യൂഡൽഹി: അരക്കോടിയുടെ ലക്ഷ്വറി കാർ വാങ്ങിയതിനു പിന്നാലെ പൊടിപിടിക്കാൻ ഉപേക്ഷിച്ച് മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ. കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് സ്പീക്കറായിരിക്കെ 48.25 ലക്ഷം രൂപ കൊടുത്ത് സുമിത്ര മഹാജനു വേണ്ടി വാങ്ങിയ വെള്ള നിറത്തിലുള്ള ജാഗ്വാർ എക്സ് ഇ ലക്ഷ്വറി സ്പോർട്സ് കാറാണു പാർലമെന്റിലെ വാഹന ഗരാഷിൽ പൊടിപിടിച്ചു കിടക്കുന്നതെന്നു ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
അതുവരെ ഉപയോഗിച്ചിരുന്ന ടൊയോട്ടോ കാംമ്രിയിൽ സൗകര്യം പോരെന്നു പറഞ്ഞാണ് 2016-ൽ സുമിത്ര മഹാജന് വേണ്ടി പാർലമെന്റ് സെക്രട്ടറിയേറ്റ് ജാഗ്വാർ എക്സ്ഇ വെള്ള കാർ 48.25 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. എന്നാൽ, കുറച്ചുകാലത്തിനുള്ളിൽ സുമിത്ര മഹാജൻ ഈ കാർ ഉപേക്ഷിച്ചു.
യാത്രാസുഖം പോര എന്നാണു കാർ ഉപേക്ഷിക്കാൻ കാരണമായി സുമിത്ര ചൂണ്ടിക്കാട്ടിയത്. കാറിന്റെ പിന്നിലിരുന്നാൽ കാൽ നീട്ടിവയ്ക്കാൻ പോലും കഴിയില്ലെന്നും മുന്നിലിരുന്ന ഓടിച്ചു നടക്കുന്നവർക്കു മാത്രം പറ്റിയ ഒരു കാറാണ് ഇതെന്നും സുമിത്ര കുറ്റപ്പെടുത്തി. അന്നുതൊട്ട് ഈ ജാഗ്വാർ യാത്രികരില്ലാതെ ആഡംബര ഭാരവും പേറി പാർലമെന്റ് ഗരാഷിൽ വിശ്രമത്തിലാണ്.
നിലവിലെ ലോക്സഭ സ്പീക്കർ ഓം ബിർള 36.44 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാംമ്രിയാണ് ഉപയോഗിക്കുന്നത്. 2001 മുതൽ ലോക്സഭ സ്പീക്കർമാരുടെ വാഹനങ്ങളുടെ ചെലവ് വളരെ കൂടുതലാണ്. കഴിഞ്ഞ പതിനെട്ടു വർഷത്തിനുള്ളിൽ അഞ്ചു കാറുകളാണ് വിവിധ ലോക്സഭ സ്പീക്കർമാർക്ക് വേണ്ടി വാങ്ങിയത്. ഇതിൽ സുമിത്രയുടെ ലക്ഷ്വറി സ്പോർട്സ് കാറും ഉൾപ്പെടുന്നു.