കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നു സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ നഷ്ട പരിഹാര സമിതി നടപടി തുടങ്ങി.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ബാലകൃഷ്ണൻ നായർ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരട് ഫ്ളാറ്റിൽനിന്ന് ഒഴിഞ്ഞുപോയ 157 പേർക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്നു സർക്കാരിനോട് നഷ്ടപരിഹാര സമിതി ശിപാർശ ചെയ്തു.
25 ലക്ഷമോ ആധാരത്തിൽ കെട്ടിട വിലയായി കാണിച്ച തുകയോ ഏതാണോ കുറവ് അതാണ് നഷ്ടപരിഹാര സമിതി ആദ്യം ശിപാർശ ചെയ്തത്. ഇതിനെതിരേ ഫ്ളാറ്റുടമകൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് എല്ലാവർക്കും 25 ലക്ഷം വീതം നൽകാൻ ഉത്തരവായത്.
25 ലക്ഷം നഷ്ടപരിഹാരം ഏതാനും പേർക്കുമാത്രമാണ് മുന്പ് സമിതി അനുവദിച്ചിരുന്നത്. അതിൽ കുറവ് തുക അനുവദിച്ചവർക്ക് ബാക്കി തുക കൂടി അനുവദിക്കാനും ശിപാർശ ചെയ്തു. നഷ്ടപരിഹാരം അനുവദിക്കാൻ 20 കോടി രൂപ സമിതിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ എച്ച്ടുഒ ഹോളിഫെയ്ത് നിർമാതാവ് സാനി ഫ്രാൻസിസ് താനും ഫ്ളാറ്റ് ഉടമയാണെന്ന് കാണിച്ച് 25 ലക്ഷം നഷ്ടപരിഹാരം തേടിയെങ്കിലും സമിതി നിരസിച്ചു. ബിൽഡർമാരിൽനിന്നുള്ള 20 കോടി സ്വീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സമിതി അക്കൗണ്ട് തുറക്കും. കമ്മിറ്റി പ്രത്യേക ഇമെയിൽ ഐഡി ഉണ്ടാക്കി അതുവഴി ഫ്ളാറ്റ് ഉടമകൾ, മരട് മുനിസിപ്പാലിറ്റി, സുപ്രീംകോടതി, കേരള സർക്കാർ എന്നിവരുമായി ബന്ധപ്പെടുമെന്നും അറിയിച്ചു. ബിൽഡർമാർക്ക് കമ്മിറ്റിയെ നേരിൽകണ്ട് ആവലാതികൾ ബോധിപ്പിക്കാനുള്ള അവസരവും നൽകിയതായി കമ്മിറ്റി അറിയിച്ചു. 31 നകം ഇതിനു സാവകാശം ലഭിക്കും.
അവശേഷിക്കുന്ന സാധനങ്ങൾ മാറ്റാൻ ഒരവസരം കൂടി നൽകണമെന്ന് രണ്ട് ഫ്ളാറ്റുടമകൾ സമിതിയോട് ആവശ്യപ്പെട്ടു. പൊളിക്കൽ കന്പനികൾക്ക് ഫ്ളാറ്റുകൾ കൈമാറുകയും അവർ ജോലി തുടങ്ങുകയും ചെയ്തതിനാൽ ഇത് അനുവദിക്കാനാകില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. സുപ്രീംകോടതിയിൽ നൽകിയ പൊളിക്കൽ ഷെഡ്യൂൾ തെറ്റുമെന്നായിരുന്നു വാദം. എന്നാൽ ഒരവസരം കൂടി നൽകാമെന്ന് സമിതി അറിയിച്ചു.
ഇക്കാര്യത്തിൽ പൊളിക്കൽ കന്പനികൾക്ക് പറയാനുള്ളതും സമിതി കേൾക്കും. ഇതിനുമുന്പ് മാറ്റുന്ന സാധനങ്ങൾ ഫ്ളാറ്റ് പരിസരത്തുതന്നെ സൂക്ഷിക്കണം. ഇനി സാധനങ്ങൾ മാറ്റാനുള്ളവർ 31 നകം മരട് സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഫ്ളാറ്റുകൾ പൊളിക്കാൻ കരാർ എടുത്ത കന്പനി പ്രതിനിധികൾ, ഫ്ളാറ്റുടമകൾ, മരട് നഗരസഭാ സെക്രട്ടറി എന്നിവരുമായി സമിതി നവംബർ ഒന്നിന് രാവിലെ 11നു കൂടിക്കാഴ്ച നടത്തും.