കോയമ്പത്തൂർ: രാജ്യത്തെ കണ്ണീരിലാഴ്ത്തി ട്രിച്ചി മണപ്പാറ നടുക്കാടിപ്പട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത്ത് മരിച്ചു. നാലു ദിവസമായി സുജിത്ത് കിണറ്റിൽ വീണിട്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. കുഴൽക്കിണറിലൂടെ തന്നെ മൃതദേഹം പുറത്തെടുത്തു.
“കുട്ടിയ രക്ഷപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്തു. നിർഭാഗ്യവശാൽ കുഴൽക്കിണറിൽ നിന്നു ദുർഗന്ധം വമിച്ചു തുടങ്ങി. അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും’ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു. മൃതദേഹം മണപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
വെള്ളിയാഴ്ച വൈകുന്നേരമാണു ബ്രിട്ടോയുടെ മകൻ സുജിത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. വൈകുന്നേരം 5.40നാണു മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീണു. കുഴൽ കിണറിന്റെ ആഴം 600 അടിയാണ്.
സമാന്തരമായി റിഗ് ഉപയോഗിച്ചു കുഴിയെടുത്തു കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടന്നുകൊണ്ടിരുന്നു. പാറ കടുത്തതോടെ സമയം വൈകുന്നതു ഒഴിവാക്കാൻ മൂന്നു ഇരട്ടി ശക്തിയുള്ള മറ്റൊരു റിഗ് മെഷിൻ എത്തിച്ചു. പ്രതികൂല കാലാവസ്ഥ, യന്ത്രത്തകരാർ എന്നിവ രക്ഷാപ്രവർത്തനത്തെ വൈകിപ്പിച്ചു. കൈകൾ തലയ്ക്കു മുകളിലേക്കു വച്ചനിലയിലായിരുന്നു കുട്ടി.