കൊച്ചി: പി.എസ്. ശ്രീധരൻപിള്ള തന്റെ അഭിഭാഷക എൻറോൾമെന്റ് താല്കാലികമായി മരവിപ്പിക്കാൻ കേരള ബാർ കൗണ്‍സിലിന് അപേക്ഷ നൽകി. മിസോറാം ഗവർണറായി നിയമിക്കപ്പെട്ട സാഹചര്യത്തിൽ കേരള ബാർ കൗണ്‍സിലിൽ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നൽകിയത്. പുതിയ പദവിയിലേക്ക് നിയമിക്കപ്പെട്ട സാഹചര്യത്തിൽ ശ്രീധരൻപിള്ളയ്ക്ക് ഇനി അഭിഭാഷകവൃത്തി തുടരാനാവില്ല.
മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻപിള്ള. 2011-14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ മിസോറം ഗവർണറാകുന്ന രണ്ടാമത്തെയാളാണ് ശ്രീധരൻപിള്ള. കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് മിസോറമിലേക്ക് നിയോഗിക്കപ്പെട്ടത്.
കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീധരൻപിള്ളയ്ക്കു പുതിയ നിയമനം ലഭിച്ചത്. ബിജെപി ഒരു സീറ്റിൽ പോലും വിജയിച്ചില്ല. നേരത്തെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും മിസോറാം ഗവർണറായി നിയമിച്ചിരുന്നു.