തിരുവനന്തപുരം: താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവ് പി.ജയരാജന്റെ പങ്കെന്താണെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുന്നേ തന്നെ പി.ജയരാജൻ താനൂരിലെത്തിയിരുന്നു. ജയരാജൻ എത്തിയതു മുതൽ കൗൺഡൗൺ തുടങ്ങി- അദ്ദേഹം ആരോപിച്ചു.
അതിനാലാണ് കേസിൽ ജയരാജന്റെ പങ്കെന്താണെന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് സിപിഎം പ്രവർത്തകരോട് കൊലക്കത്തി താഴെയിടാൻ പറയാത്തതെന്നു ചോദിച്ച ചെന്നിത്തല ചെറിയ കാര്യങ്ങൾക്ക് പോലും സിപിഎം കൊലപാതകങ്ങൾ നടത്തുകയാണെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂർ അഞ്ചുടിയിൽ വച്ച് മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്. സ്വന്തം വീടിന് സമീപത്തു വച്ച് വെട്ടേറ്റ ഇസ്ഹാക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
ഒമ്പത് പ്രതികളുള്ള കേസിൽ നിലവിൽ മൂന്ന് പേരെയാണ് പിടികൂടിയിട്ടുള്ളത്. അബ്ദുൾ മുഫീസ്, മഷൂദ്, താഹമോൻ എന്നിവരാണ് പിടിയിലായ പ്രതികൾ. കേസിലെ പ്രതികളെല്ലാം സിപിഐ പ്രവർത്തകരാണെന്നാണ് റിപ്പോർട്ട്.