പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം കനക്കുന്നു. സിബിഐ അന്വേഷണത്തിന് ആവശ്യം ശക്തം. കേസിൽ അന്വേഷണഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഉന്നതതല അന്വേഷണത്തിനുള്ള ആവശ്യം ഉയരുന്നത്. ഇതിനിടെ മരിച്ച ഇളയപെണ്‍കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇതുസംബന്ധിച്ച് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തുകയോ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മഹസ്സറിലോ പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആരെങ്കിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചതുകൊണ്ടുള്ള മുറിവാണോ എന്നുപോലും അന്വേഷിക്കാൻ പോലീസ് തുനിഞ്ഞില്ലെന്നും ആരോപണമുണ്ട്. കൂടാതെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു്.
ഇതെല്ലാം പോലീസിന്റെ അന്വേഷണ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇളയപെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നുതന്നെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കൾ ഇപ്പോഴും പറയുന്നത്. സംഭവം വിവാദമായതോടെ പുനരന്വേഷണത്തിനു അനുമതി തേടാനും പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ വെയ്ക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലയോഗം ഇന്നലെ തീരുമാനിച്ചിട്ടുണ്ട്.
വാളയാർ കേസിൽ സംസ്ഥാനം ഇളകിമറിയുകയാണ്. രാഷ്ട്രീയപാർട്ടികളുടെയും യുവജനസംഘടനകളുടെയും ദളിത് സംഘടനകൾ ഉൾപ്പെട്ട വിവിധ സംഘടനകളുടെയുംമെല്ലാം നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകളും ധർണകളും സമരങ്ങളും ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ നേതാക്കളും വകുപ്പധികൃതരുമെല്ലാം ഇക്കഴിഞ്ഞദിവസം മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ചിരുന്നു. യുഡിഎഫ് നേതാക്കളും ബന്ധപ്പെട്ടെ എംപി, എംഎൽഎമാർ, ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ എൽ.മുരുകൻ ഉൾപ്പടെയുള്ളവർ ഇന്നലെ വീട് സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
വാളയാർകേസിലെ ഇരകൾക്ക് നീതി ലഭിക്കുവാനായി സിബിഐ അന്വേഷണം വേണമെന്ന ശക്തമായ ആവശ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് പോലീസിനും പ്രോസിക്യൂഷനും ഉത്തവാദിത്വമുണ്ടെന്നും വിശദീകരണം തേടാൻ ഇവരെ ഡൽഹിയിലേക്ക് വിളിക്കുമെന്നും ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ ഇന്നലെ പറഞ്ഞിരുന്നു. രണ്ടു പെണ്‍കുട്ടികളുടെയും മരണം കൊലപാതകമാണെന്ന ഉറച്ചവിശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
സംഭവത്തിൽ പ്രതിചേർക്കപ്പെട്ടവരെ കോടതി വിട്ടയക്കുകയും ചെയ്തതോടെ പ്രതിഷേധം ഒന്നുകൂടി ആളിക്കത്തുകയാണ്. പ്രതികളിൽ പലരുടെയും വീട്ടുകാർ പാർട്ടിപ്രവർത്തകരായതിനാൽ അവരെ രക്ഷിക്കാൻ സിപിഎം ശ്രമിച്ചെന്നും പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.
പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിൽ കൊലപാതകസാധ്യതയിലേക്കുള്ള നിരവധിതെളിവുകൾ എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണ ഉദ്യോഗസ്ഥർ ഇതെല്ലാം അവഗണിച്ചുവെന്നതും വാളയാർ കേസിനെ ഇളക്കിമറിക്കുകയാണ്. മരിച്ച പെണ്‍കുട്ടികൾക്ക് നീതി ലഭിക്കുന്നതുവരെ സമരങ്ങളുമായി രംഗത്തുണ്ടാവുമെന്ന നിലപാട് രാഷ്ട്രീയപാർട്ടികളും സ്വീകരിച്ചതോടെ വാളയാർകേസിന് പുതിയ മാനങ്ങൾ കൈവരും. ബിജെപിയുടെ നേതൃത്വത്തിൽ അട്ടപ്പള്ളത്ത് 100മണിക്കൂർ ഉപവാസ സമരവും തുടർന്നുവരികയാണ്.