വെറും പതിമൂന്നും ഒമ്പതും വയസു പ്രായമുള്ള രണ്ടു സഹോദരിമാരെ അവരുടെ ഒറ്റമുറി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മൂത്ത പെണ്‍കുട്ടി മരിച്ചു രണ്ടു മാസം തികയുന്നതിനു മുന്നേയാണ് ഇളയ പെണ്‍കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
2017 ജനുവരി 13നാണ് മൂത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒന്നരമാസത്തിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ 52 ദിവസത്തിനു ശേഷം, മാര്‍ച്ച് നാലാം തീയതി ഇളയ പെണ്‍കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ കുറ്റവിമുക്തരാക്കപ്പെട്ടത് സംസ്ഥാനത്തെ മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്.
കോഡ് 174 അനുസരിച്ച് അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ തുടക്കം മുതല്‍, പോലീസിന്റെ അനാസ്ഥയും അലംഭാവവും ഈ കേസില്‍ നിഴലിച്ചു നിന്നിരുന്നു. പല അനാസ്ഥകളും കേസന്വേഷണത്തിന്റെ പുരോഗതിയെത്തന്നെ പ്രതികൂലമായി ബാധിക്കുന്നവയായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
പോലീസിന്റെ അനാസ്ഥയ്ക്കു പുറമെയാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ചകളും. ഇതോടെയാണ് കുറ്റക്കാര്‍ ഒട്ടും പരിക്കേല്‍ക്കാതെ രക്ഷപെടുന്ന സാഹചര്യം ഉണ്ടായത്. പോലീസിന്റെ കുറ്റകരമായ അനാസ്ഥകളിലൂടെ ഒരു എത്തിനോട്ടം.
1. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചു
മൂത്ത പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കാതിരുന്നതും അലംഭാവം കാട്ടിയതും മുതല്‍ ഈ കേസില്‍ പോലീസ് നടപടികള്‍ ദുരൂഹത കൂട്ടുന്നവയാണ്.
എസ്ഐ ചാക്കോയെ ഈ അലംഭാവത്തിന് സസ്പെന്‍ഡ് ചെയ്തെങ്കിലും തുടരന്വേഷണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാനായില്ലെന്നതു പരാതി പലകോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് പോലീസ് തലത്തില്‍ അന്വേഷണം നടത്തിയതും കേസിനെ കാര്യമായി സഹായിച്ചില്ല.
പോലീസിന്റെ ഈ അനാസ്ഥകള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കേണ്ടവയാണെന്നു വരെ വാഗ്വാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നു. പക്ഷേ ഒന്നും ഫലംകണ്ടില്ല.
2. ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല
മൂത്തകുട്ടി മരിച്ചു കിടന്ന സ്ഥലത്തുനിന്നു മുഖംമറച്ച രണ്ടുപേര്‍ ഓടിരക്ഷപെട്ടെന്ന ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് മെനക്കെട്ടില്ല. അവരെ കാണാതെ ഇലക്ട്രിക് പോസ്റ്റിനു പിന്നില്‍ താന്‍ ഒളിച്ചുവെന്നും ഇളയ പെണ്‍കുട്ടി മൊഴി നല്‍കിയെങ്കിലും പോലീസ് അതും രജിസ്റ്റര്‍ ചെയ്തില്ല.
3. മൂത്ത പെണ്‍കുട്ടിയുടെ മൃതദേഹത്തിലെ നഖക്ഷതങ്ങള്‍ ഗൗനിച്ചില്ല
മൂത്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നഖംകൊണ്ടു മുറിഞ്ഞ പാടുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതും പോലീസ് അവഗണിച്ചു. കടുത്ത മനോവേദന മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് എഫ്ഐആര്‍ തയാറാക്കിയത്. വാളയാര്‍ പോലീസ് സ്റ്റേഷന് എസ്ഐ പിന്‍സണ്‍ പി ജോസഫ് ആയിരുന്നു ഈ എഫ്ഐആര്‍ തയാറാക്കിയത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നിരവധി ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കേസില്‍ നീതിപൂര്‍വകമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. കേസില്‍ പുനരന്വേഷണം നടത്തുന്നതിനു പുറമെ അനാസ്ഥ കാട്ടിയ പോലീസുകാര്‍ക്കെതിരെ നിയമനടപടി വേണമെന്നും ആക്ടിവിസ്റ്റ് മീര വേലായുധന് പറയുന്നു. രാജസ്ഥാനിലെ പേലു ഖാന് സംഭവത്തിനു സമാനമായ കേസാണിതെന്നും മീര ചൂണ്ടിക്കാട്ടുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ടവരോട് കേസില്‍ തെളിവുണ്ടെങ്കില്‍ തുടരന്വേഷണത്തെക്കുറിച്ച് ആലോചിക്കാം എന്നാണ് പിന്നോക്ക സമുദായ വികസന വകുപ്പ് മന്ത്രി എകെ ബാലന് അഭിപ്രായപ്പെട്ടത്. തെളിവുകള്‍ ആരെങ്കിലും പോസ്റ്റായി അയച്ചുതരുമെന്നു കരുതുന്നുണ്ടോ? എന്ന ആക്ടിവിസ്റ്റ് രേഖ രാജിന്റെ ചോദ്യത്തിനും മറുചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല.
ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ വിഷയത്തില്‍ പൂണ്ട മൗനവും ചോദ്യചിഹ്നമായി ഇന്നും നിലകൊള്ളുന്നു. പോലീസുകാരുടെ അനാസ്ഥയെക്കുറിച്ചോ കേസിനെക്കുറിച്ചോ മുഖ്യമന്ത്രി ഒരിടത്തും പരാമര്‍ശിച്ചില്ല. ഇതും സംശയത്തിന്റെ മുന മുഖ്യമന്ത്രിയുടെ നേര്‍ക്കും നീട്ടുന്നു.
എന്തായാലും അറിഞ്ഞും അറിയാതെയും പോലീസുകാര്‍ ചെയ്ത ചെറിയ അനാസ്ഥകള്‍ കേസിന്റെ ശക്തി ക്ഷയിപ്പിച്ചുവെന്നതു സര്‍ക്കാരും അംഗീകരിച്ചിട്ടുണ്ട്. കുറ്റക്കാരെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീലിനു പോകാനുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉദ്യമം ഫലം കാണുമോ? കാത്തിരുന്നു കാണേണ്ടി വരും!