കോഴിക്കോട്: പന്നിയങ്കര ഇസ്ലാഹിയ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. കുഞ്ഞിന് പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യവതിയാണെന്നും കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്രന് പറഞ്ഞു. 2.7 ഗ്രാം തൂക്കമാണ് കുഞ്ഞിനുള്ളത്. ഇപ്പോള്‍ ആശുപത്രിയിലെ നഴ്സുമാരും മറ്റും പരിചരിച്ചുവരികയാണ്.
നിയമവശം പരിശോധിച്ചശേഷം കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ദത്തെടുക്കാന്‍ നിരവധി പേരാണ് ആശുപത്രിയുമായും ശിശുക്ഷേമ വകുപ്പുമായും ബന്ധപ്പെടുന്നത്. വിദേശത്തുനിന്നുവരെ ദത്തടുക്കാന് സന്നദ്ധത അറിയിച്ചുകൊണ്ട് ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ എല്ലാവിധ നിയമവശങ്ങളും പരിശോധിച്ച ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടിനും ഒന്‍പതിനുമിടയിലാണ് പന്നിയങ്കരയ്ക്കടുത്ത മാനാരി തിരുവച്ചിറയ്ക്ക് സമീപത്തെ ഇസ്ലാഹിയ പള്ളിയ്ക്കു മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ സമയങ്ങളില്‍ ഇതുവഴി കടന്നുപോയ വാഹനങ്ങളും കാല്‍നടയാത്രക്കാരേയും പോലീസ് അന്വേഷിച്ചുവരികയാണ്.
കടകളിലും വീടിന്റെ ഗേറ്റുകളിലും മറ്റും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. കൂടാതെ നഗരത്തിലേയും മറ്റും ആശുപത്രികളില്‍ പ്രസവിച്ചവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച് ഓരോരുത്തരുമായി ബന്ധപ്പെട്ടു വരികയാണെന്നും പന്നിയങ്കര ഇന്‍സ്പെക്ടര്‍ ഇ.രമേഷ് പറഞ്ഞു.
കുട്ടിയെ ഉപേക്ഷിച്ചവർ ആരാണെന്ന് കണ്ടെത്തിയശേഷം അവരുടെ ഡിഎന്‍എ പരിശോധന നടത്തും. തുടര്‍ന്ന് നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പോലീസ് പറയുന്നത്.
ചുവന്ന ഷാളില്‍ കുഞ്ഞുടുപ്പ് ധരിച്ച നിലയിലായിരുന്നു കുട്ടിയുള്ളത്. കുഞ്ഞിനൊപ്പം ഒരു കത്തും എഴുതിവച്ചിരുന്നു. “ഈ കുഞ്ഞിനെ കിട്ടുന്നവര്‍ ഒഴിവാക്കരുത്. നിങ്ങള്‍ ഇതിനെ സ്വീകരിക്കണം. ഒക്ടോബര്‍ 25 നാണ് ജനനം. ബിസിജി, ഒപിവിഒ, ഹെപ്പറ്റൈറ്റിസ് ബി വണ്‍ എന്നീ കുത്തിവയ്പ് നല്‍കണം’- ഇതാണ് കത്തിലെ വരികൾ.