കോഴിക്കോട്. കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് പൊന്നാമറ്റം ഷാജൂവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യൻ യാത്ര ചെയ്ത ആൾട്ടോ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു റിട്ട. എസ്ഐ ഗംഗാധരന് എന്നയാള്‍ക്ക് വിറ്റിരുന്ന കാർ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്യത്തിലാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. എസ്ഐയുടെ ഭാര്യയുടെ പേരിലാണ് കാർ.
2016 ജനുവരി 11ന് കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് വരെ ഈ കാറിൽ സിലി യാത്ര ചെയ്തിരുന്നു. താമരശേരിയിലെ ദന്താശുപത്രിയിൽ സയനൈഡ് ഉള്ളിൽ ചെന്ന് കുഴഞ്ഞുവീണ സിലിയെ ഇതേ കാറിലാണ് 12 കി.മീ അകലെയുള്ള ഓമശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
യാത്രയ്ക്കിടെ സിലി കാറിൽ ഛർദ്ദിച്ചിരുന്നു. ഛർദ്ദിയുടെയോ രക്തത്തിന്റെയോ അംശം കാറിൽ വീണാൽ ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനാവും. ഇതിനായി കാർ കോടതിയുടെ അനുമതിയോടെ ഫോറൻസിക് വിഭാഗം വിശദമായി പരിശോധിക്കും. താമരശേരി കത്തീഡ്രലിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ ജോളി സിലിയേയും മകനേയും കൂട്ടിയിരുന്നു. കൂടത്തായിയിൽനിന്ന് പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലെത്തിയാണ് ജോളി സിലിയെ ഒപ്പം കൂട്ടിയത്.
താമരശേരിയിൽ എത്തിയ ഉടൻ തന്ത്രപരമായി സിലിയെ കൂടത്തായിലെ വീട്ടിലെത്തിച്ച് സയനൈഡ് ചേർത്ത ഫ്രൈഡ് റൈസ് നൽകുകയായിരുന്നു. പിന്നീട് കാറിൽ താമരശേരിയിലെത്തി മക്കളെ വിവാഹസത്ക്കാരം നടക്കുന്ന ഹാളിലേക്ക് പറഞ്ഞുവിട്ട ശേഷം ജോളി സിലിക്കൊപ്പം കാറിലിരുന്നു.
സിലിയുടെ ഭർത്താവ് ഷാജു എത്തിയശേഷം ദന്താശുപത്രിയുടെ മുകൾ നിലയിലേക്ക് കയറിപ്പോവുകയും അവിടെ മടിയിലേക്ക് കുഴഞ്ഞുവീണ സിലിയുടെ വായിലേക്ക് സയനൈഡ് ചേർത്ത ഗുളികയും വെള്ളവും കൊടുക്കുകയായിരുന്നു. ജോളി നിലവില്‍ ഉപയോഗിക്കുന്ന കാര്‍ അന്വേഷണസംഘം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കാറില്‍ നിന്നാണ് വെളുത്തപൊടി കണ്ടെടുത്തത്.