പാലക്കാട്: അട്ടപാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ടു പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ശ്രീമതി, കാർത്തി എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് കഴിഞ്ഞത്.
ഇതിൽ ശ്രീമതിയുടെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് തലയിലും വെടിയേറ്റെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
നേരത്തെ, മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിയമസഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷം വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. മാവോയിസ്റ്റുകൾ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച പ്രതിപക്ഷം ഏറ്റുമുട്ടലാണെങ്കിൽ എങ്ങനെ മാവോയിസ്റ്റികൾക്ക് മാത്രം പരിക്കുണ്ടായി എന്നും ചോദിച്ചു.
എന്നാൽ, ഏറ്റുമുട്ടലിൽ തന്നെയാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നും തണ്ടർബോൾട്ട് സംഘത്തിനു നേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കി.