വിജയവാഡ: പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾക്കെതിരേ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ പോലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആറും ഒൻപതും വയസുള്ള പെണ്‍കുട്ടികളും 11 വയസുള്ള രണ്ടു ആണ്‍കുട്ടികളുമാണ് കേസിൽ പ്രതികളായിരിക്കുന്നത്. പൊന്നേകണ്ടി ബിന്ദു (26) എന്ന യുവതി ഭർത്താവ് അദാരണ കുമാറിനും കുടുംബത്തിനും എതിരേ നൽകിയ പരാതിയാണ് കേസിനാധാരം.
നാല് കുട്ടികളെ ഉൾപ്പെടുത്തി പോലീസ് ക്രിമിനൽ കേസെടുത്തതോടെ യുവതിയുടെ ഭർത്താവ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകൾ പരിശോധിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയുമാണ് കുട്ടികൾക്കെതിരേ കേസെടുത്തതെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ചൊവ്വാഴ്ച സമർപ്പിച്ച ഹർജി കോടതി പരിഗണിക്കാനിരിക്കുകയാണ്.
2018 നവംബർ 29-നായിരുന്നു പരാതിക്കാരിയായ യുവതിയുടെയും ഭർത്താവിന്റെയും വിവാഹം. മൂന്ന് ലക്ഷം രൂപയും ആറ് ഗ്രാം സ്വർണവും 44,663 രൂപയുടെ ഫർണീച്ചറുകളും ഭർതൃവീട്ടുകാർക്ക് സ്ത്രീധനമായി നൽകിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എന്നാൽ കല്യാണം കഴിഞ്ഞ് 25-ാം നാൾ മുതൽ ഭർതൃവീട്ടുകാർ പീഡനം തുടങ്ങി. ഭർത്താവും മൂന്ന് സഹോദരിമാരും അവരുടെ നാല് മക്കളും ചേർന്നാണ് തന്നെ ഉപദ്രവിച്ചതെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ മൊബൈൽ ഫോണ്‍ ഭർതൃവീട്ടുകാർ തട്ടിയെടുത്തതിനാൽ മാതാപിതാക്കളെയോ ബന്ധുക്കളെയോ വിളിക്കാൻ സാധിച്ചിരുന്നില്ല. ഭർത്താവ് ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 26-ന് ഗുണ്ടൂരിലെ വനിതാ പോലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.