ഉറ്റവരുടെ ഒരു കത്ത് ലഭിക്കുക എന്നത് ഇന്നത്തെക്കാലത്ത് അപൂർവമാണ്. സോഷ്യൽ മീഡിയയും ഇ-മെയിലും വ്യാപകമായ ഇക്കാലത്ത് ആളുകൾ വ്യക്തിപരമായ കത്തുകൾ അയയ്ക്കുന്നത് തീരെ കുറവാണ്. എന്നാൽ ഒരു പോസ്റ്റ്കാർഡ് കിട്ടിയ സന്തോഷത്തിലാണ് ലണ്ടൻ സ്വദേശിയായ ജിം ഗ്രീൻ. കത്തിന്റെ പ്രത്യേകത എന്താണെന്നല്ലേ? ജിം തന്റെ മാതാപിതാക്കൾക്ക് അയച്ച പോസ്റ്റ് കാർഡാണിത്, അതും 28 വർഷം മുന്പ്.
ജിമ്മിന് 39 വയസ് പ്രായമുള്ളപ്പോഴാണ് പോസ്റ്റ് കാർഡ് അയച്ചത്. 1991 സെപ്റ്റംബർ 12ന് സ്പെയിനിൽ നിന്നാണ് ജിം പോസ്റ്റ് കാർഡ് അയച്ചത്. അവധി ആഘോഷിക്കാനാണ് ജിം സ്പെയിനിൽ എത്തിയത്. അന്നത്തെക്കാലത്ത് വാർത്താവിനിമയ സംവിധാനങ്ങൾ ചെലവേറിയതാണ്. അതിനാലാണ് താൻ എത്തിയ വിവരത്തിന് ജിം മാതാപിതാക്കൾക്ക് പോസ്റ്റ് കാർഡ് അയച്ചത്.
2019 ഒക്ടോബർ 17നാണ് ജിമ്മിന് താൻ മാതാപിക്കൾക്ക് അയച്ച പോസ്റ്റ് കാർഡ് കിട്ടിയത്. ജിം രാവിലെ ടിവി കണ്ടുകൊണ്ടിരിക്കുന്പോഴാണ് പോസ്റ്റ്മാൻ എത്തിയത്. ആരാണ് തനിക്ക് ഇപ്പോൽ പോസ്റ്റ് കാർഡ് അയയ്ക്കാനെന്ന് ചിന്തിച്ചുകൊണ്ടാണ് പോസ്റ്റ്മാനെ സമീപിച്ചത്. ബെനിഡ്രോമിൽ നിന്നാണ് പോസ്റ്റ് കാർഡ് എന്നു കണ്ടപ്പോൾ ആരാണ് തനിക്ക് അവിടെയുള്ളതെന്നാണ് താൻ ആദ്യം ചിന്തിച്ചതെന്ന് ജിം പറയുന്നു.
പോസ്റ്റ് കാർഡിലെ തീയതി കണ്ടപ്പോഴാണ് ജിം ശരിക്കും അദ്ഭുതപ്പെട്ടത്. ബെനിഡ്രോമിൽ താൻ സുരക്ഷിതമായി എത്തിയ വിവരം അറിയിച്ച് മാതാപിതാക്കൾക്ക് അയച്ച പോസ്റ്റ് കാർഡ്! പക്ഷെ ആ പോസ്റ്റ് കാർഡ് കാണാനുള്ള ഭാഗ്യം മാതാപിതാക്കൾക്ക് ലഭിക്കാത്തതിന്റെ ദുഃഖത്തിലാണ് ജിം. ജിമ്മിന്റെ പിതാവ് ക്രിസ്റ്റഫർ 1997ലും അമ്മ വിന്നിഫ്രഡ് അഞ്ച് വർഷം മുന്പും മരിച്ചു. പോസ്റ്റ് കാർഡ് ഇത്രയും താമസിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് ലണ്ടൻ റോയൽ മെയിൽ അധികൃതർ.
എസ്ടി