മറയൂർ: അധികാരികൾ അനുവദിച്ചുനൽകാത്ത പാലം പ്രകൃതി നാക്കുപ്പെട്ടി ഗ്രാമവാസികൾക്ക് കനിഞ്ഞുനൽകി. കഴിഞ്ഞ ദിവസമുണ്ടായ പെരുമഴയത്ത് ആറ്റിലൂടെ ഒഴുകിവന്ന വലിയ മരത്തടി ഇവർക്ക് താൽകാലിക പാലമായി.
കാന്തല്ലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന നാക്കുപ്പെട്ടി ഗോത്രവർഗ ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. കർശനാടുനിന്നും കുളച്ചിവയലിൽനിന്നും ഇന്നും ഒരു നടപ്പാത മാത്രമേ കുടിയിലേക്കുള്ളൂ. ഈ പാതയ്ക്കു കുറുകെയാണ് ആറ് ഒഴുകുന്നത്.
മഴ പെയ്താൽ ആറ്റിൽ വെള്ളം കാര്യമായി വർധിക്കുമെന്നതിനാൽ നാക്കുപ്പെട്ടി കുടി ഒറ്റപ്പെടും. കുടിയിൽനിന്നും കാന്തല്ലൂരിലേക്കോ കർശനാട് ഭാഗത്തേക്കോ പോകുന്നതിന് കഴിയാതെവരുന്നു.
നിരവധി നിവേദനങ്ങൾ ഗ്രാമക്കാർ അധികൃതർക്ക് നല്കിയിട്ടുണ്ടെങ്കിലും റോഡ്, പാലം എന്നിവ നിർമിക്കുന്നതിന് നടപടികളൊന്നും അധികൃതർ സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ അപ്രതീക്ഷിതമായാണ് മരത്തടി ഒഴുകിവന്നത്. താൽകാലിക പാലമായി കുടിക്കാർ ഇപ്പോൾ ഈ മരത്തടിയാണ് ഉപയോഗിച്ചുവരുന്നത്. ഇരുകാലും തളർന്ന കുശലനടക്കമുള്ളവർക്ക് പാലം താൽകാലിക ആശ്വാസമായി.