ചങ്ങനാശേരി: സ്പ്ലെൻഡർ ബൈക്കിനോടുള്ള ഹരം ഉണ്ണിക്കുട്ടനെ മോഷണത്തിലെത്തിച്ചു. ഇയാൾ മോഷ്ടിച്ച അഞ്ചു ബൈക്കുകളും ഈ വിഭാഗത്തിൽപ്പെട്ട ബൈക്കുകളായിരുന്നു. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുകയും പിന്നീട് കൂട്ടുകാർക്ക് കൈമാറുകയുമാണ് ഇയാൾ ചെയ്തിരുന്നത്.
പാറേൽപ്പള്ളിക്കടുത്തുള്ള സൗപർണിക അപ്പാർട്ടുമെന്റിൽനിന്നും റാന്നി തഹസിൽദാർ സാജൻ വി. കുര്യാക്കോസിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് വടവാതൂരിൽ തോട്ടക്കാട്ടുമറ്റം വീട്ടിൽ ഉണ്ണിക്കുട്ടൻ(19) അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്പ്പോഴാണ് ബൈക്കു മോഷണങ്ങളുടെ ചുരുളഴിഞ്ഞത്.
ഈ ബൈക്കും പൊൻകുന്നത്തുനിന്നും മോഷ്ടിച്ച മറ്റൊരു ബൈക്കും പോലീസ് വടവാതൂരുള്ള ഗ്രൗണ്ടിനു സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. വർക്ഷോപ്പിൽ കുറേക്കാലം ജോലി ചെയ്തിരുന്ന ഉണ്ണിക്കുട്ടൻ ബൈക്കുകളുടെ ലോക്ക് താക്കോലില്ലാതെ അഴിക്കാനുള്ള അറിവു നേടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും നടന്നുവരുന്പോഴാണ് സൗപർണിക അപ്പാർട്ടുമെന്റ് അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന സ്പ്ലെന്ഡർ ബൈക്ക് ഉണ്ണിക്കുട്ടന്റെ ശ്രദ്ധയിൽപ്പെട്ടത്. ലോക്ക് പൊട്ടിച്ച് ഉണ്ണിക്കുട്ടൻ ഞൊടിയിടയിൽ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു.
തഹസിൽദാർ സാജൻ സൗപർണിക അപ്പാർട്ടുമെന്റിൽ താമസിക്കുന്ന കോട്ടയം എഡിഎം ടി.കെ. വിനോദിന്റെ വീട്ടിലെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയത്. സാജൻ അന്നുതന്നെ ചങ്ങനാശേരി പോലീസിന് പരാതി നൽകി. പോലീസ് സ്പെഷൽ സ്ക്വാഡംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഹെൽമറ്റ് ധരിക്കാത്ത ചെറുപ്പക്കാരൻ ബൈക്കിൽ കയറിപ്പോകുന്നതായി സമീപത്തെ സിസിടിവിയിൽനിന്നും ലഭിച്ച ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വിജയത്തിലെത്തിയത്. ഈ പോലീസുകാർ കൈലിമുണ്ടും ഷർട്ടും ധരിച്ച് മണർകാട്ടും വടവാതൂരും നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഉണ്ണിക്കുട്ടൻ വലയിൽ വീണത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.