കൊല്ലം : രോഗിയുടെ ജീവൻ നിലനിർത്തേണ്ടത് ഒരു ഡോക്ടറുടെ കടമയാണെങ്കിൽ ബസിൽ കയറുന്ന ഓരോരുത്തരെയും എത്തേണ്ട സ്ഥലത്തു സുരക്ഷിതമായി എത്തിക്കേണ്ടത് ഒരു ഡ്രൈവറുടെ കടമയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ പി.കെ മധു.
സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ട്രാക്കിന്റെ ആഭിമുഖ്യത്തിൽ കൊല്ലം കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ നടന്ന ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാപരിശീലനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കമ്മീഷണർ.
വാഹനാപകടങ്ങൾക്ക് പല ഘടകങ്ങൾ കാരണമാകുന്നുണ്ടെങ്കിലും പ്രധാന കാരണക്കാർ ഡ്രൈവർമാർ തന്നെയാണ്. ആയതിനാൽ ഉത്തരവാദിത്വ ബോധത്തോടെ ജീവൻ നിലനിർത്തുന്ന ചുമതല വഹിക്കുന്ന ഒരു ഡോക്ടറുടെ അതെ ഉത്തരവാദിത്വം ഡ്രൈവർക്കുമുണ്ട് എന്ന് നാം തിരിച്ചറിയണം. അതുകൊണ്ട് തന്നെ ഒരു ഡോക്ടർക്ക് തുല്യനാണ് ഡ്രൈവറെന്നും കമ്മീഷണർ പറഞ്ഞു.
കൊല്ലം ആർടിഒ വി.സജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, റെഡ്ക്രോസ് സെക്രട്ടറി അജയകുമാർ, എം വി ഐ ബിജു, ട്രാക്ക് ഭാരവാഹികളായ ജോയിന്റ് സെക്രട്ടറി സന്തോഷ് തങ്കച്ചൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റിട്ട.ആർ ടി ഓ സത്യൻ പി എ, എം വി ഐ ശരത് ചന്ദ്രൻ, സന്തോഷ്, ഷഫീക് കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് എം വി ഐ മാരായ ശരത്ചന്ദ്രൻ, ബിജു, ഹോളിക്രോസ് സ്റ്റാഫ്നേഴ്സ് മുകേഷ് എന്നിവർ ക്ളാസുകളെടുത്തു.