കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി താൻ മുഖേന നിരവധി തവണ സ്വർണാഭരണങ്ങൾ വിൽക്കുകയും മാറ്റി വാങ്ങുകയും ചെയ്തതായി കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ മൊഴി. ജ്വല്ലറി ജീവനക്കാരനാണ് മാത്യു.
ജോളി നൽകിയ ആഭരണം താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വിറ്റുവെന്ന മൊഴിയെതുടർന്ന് ജ്വല്ലറിയിൽ പരിശോധന നടത്തി ഇടപാടുകളുടെ ബില്ലുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.മൂന്നാംപ്രതി പ്രജുകുമാറിൽനിന്ന് രണ്ടുതവണ സയനൈഡ് വാങ്ങിയിട്ടുണ്ടെന്ന മൊഴി മാത്യു ഇന്നലെയും ആവർത്തിച്ചു. ഇതേതുടർന്ന് പ്രജുകുമാറിന് സയനൈഡ് നൽകിയ പേരാമ്പ്ര സ്വദേശി സത്യനെ ഇന്നലെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ വീണ്ടും ചോദ്യംചെയ്തു.
സ്വർണപ്പണിക്കാരനായ താൻ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നു വാങ്ങിയ സയനൈഡ് രണ്ടുതവണ പ്രജുകുമാറിന് നൽകിയതായി സത്യൻ മൊഴി നൽകി. തിരുനെൽവേലിയിൽ ആഭരണം പ്ലേറ്റുചെയ്യുന്ന ജോലി കുടിൽ വ്യവസായമായതിനാൽ സയനൈഡ് സംഘടിപ്പിക്കാൻ പ്രയാസമില്ലെന്നും 550 രൂപ നൽകി വാങ്ങിയ 250 ഗ്രാം സയനൈഡാണ് ആദ്യമായി പ്രജുകമാറിന് നൽകിയതെന്നും സത്യൻ വെളിപ്പെടുത്തി.
പ്രജു കുമാറിൽനിന്ന് ലഭിച്ച ഇത്രയും സയനൈഡ് ജോളിക്ക് നൽകിയതായും ജോളി ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും സയനൈഡ് നൽകിയതായും മാത്യു സമ്മതിച്ചു. ആൽഫൈൻ കൊല്ലപ്പെടുന്നതിനു മുമ്പാണ് ഒരു കൈമാറ്റം നടന്നത്. മാത്യു എവിടെവച്ചാണ് ജോളി ക്ക് സയനൈഡ് കൈമാറിയതെന്നും പോലീസിനോട് പറഞ്ഞു.
പല ദിവസങ്ങളിലും ജോളിയെ കാണാൻ മാത്യു കൂടത്തായിയിലെ വീട്ടിൽ എത്താറുണ്ടായിരുന്നെന്നും മൊഴിയിലുണ്ട്. ആഭരണങ്ങളോട് ജോളിക്ക് വലിയ ഭ്രമമായിരുന്നെന്നുംറോയ് തോമസിന്റെ ഭാര്യയായി ജോളി കൂടത്തായിയിൽ എത്തിയ കാലംമുതൽ അവരുമായി അടുത്തബന്ധം പുലർത്തിയെന്നും മാത്യു പോലീസിനോട് പറഞ്ഞു.