നെടുമങ്ങാട് : കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ഷട്ടറുകൾ തുറന്നു. ഡാമിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. അരുവിക്കരയിലെ രണ്ടു ഷട്ടറുകളാണ് 35 സെന്റീമീറ്റർ ഉയർത്തിയത്. നിലവിൽ ഡാമിൽ 46.45 അടി ഉയരത്തിൽ വെള്ളമുണ്ട്. വീണ്ടും മഴ കനക്കുകയാണെങ്കിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും.
കരമന ആറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
കാട്ടാക്കട : നെയ്യാർഡാമിന്റെ ഷട്ടറുകൾ രണ്ടടിയായി ഉയർത്തി. ഇന്ന് രാവിലെയാണ് നാല് സ്പിൽവേ ഷട്ടറുകളും രണ്ടടി വീതം ഉയർത്തിയത്. നിലവിൽ ഒന്നര അടിയായിരുന്നു.
ഇപ്പോൾ ഡാമിൽ 83. 650 മീറ്റർ വെള്ളമാണ് ഉള്ളത്. ഇന്നലെയും ഇന്ന് രാവിലെയും ഇവിടെ തോരാ മഴയാണ് . അണകെട്ടിൽ വെള്ളം കൂടിയതോടെ അഞ്ചുചങ്ങല ഏരിയായിൽ താമസിക്കുന്നവരുടെ വീടുകളിലും വെള്ളം എത്തി. പലരും വീടൊഴിഞ്ഞുപോയിട്ടുണ്ട്. കാപ്പുകാട് മുതൽ അമ്പൂരി വരെയുള്ള ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയായിൽ 200 ളം കുടുംബങ്ങളാണ് താമസിക്കുന്നത്. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.