കോട്ടയം: 36-ാമത് ദർശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. മേളയുടെ ശീർഷകം ‘വായിക്കൂ, വളരാനുള്ള വഴി തെളിക്കൂ’ എന്നതാണ്. നാഗന്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകമേള നാളെ വൈകുന്നേരം നാലിനു മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.ഡോ. ജോർജ് ഓണക്കൂർ മുഖ്യാതിഥിയാകും.
കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ ബി. രാധാകൃഷ്ണ മേനോൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ബുക്ക്ഫെയർ ഡയറക്ടറിയുടെ പ്രകാശനം ജോസ് കെ. മാണി എംപിയും ദർശന കലാസന്ധ്യയുടെ ഉദ്ഘാടനം വി.എൻ. വാസവനും നിർവഹിക്കും. സെന്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സിഎംഐ അനുഗ്രഹ പ്രഭാഷണവും ഫാ. തോമസ് പുതുശേരി സിഎംഐ ആമുഖപ്രഭാഷണവും നടത്തും.
ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ, തേക്കിൻകാട് ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് സംഗീത സദസും അരങ്ങേറും. സ്കൂളുകളിൽ വായന, എഴുത്ത് മത്സരങ്ങൾ നടത്തി വിജയികളാകുന്ന കുട്ടികൾക്ക് 250രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി നൽകും. പുസ്തകമേളയിൽ വന്ന് 250 രൂപയുടെ പുസ്തകങ്ങൾ വാങ്ങാം. പുസ്തകമേളയോടൊപ്പം കുടുംബശ്രീയുമായി സഹകരിച്ച് ഫുഡ് ഫെസ്റ്റും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടിനു രാവിലെ 10നു കുട്ടികളുടെ കലോത്സവവും ശില്പശാലയും ചലച്ചിത്രതാരം അഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് ഉച്ചകഴിഞ്ഞ് അക്ഷരസ്ത്രീ സാഹിത്യോത്സവം ഡോ. ലീല ഗോപീകൃഷ്ണ ഉദ്ഘാടനം ചെയ്യും. ഡോ. ആനിയമ്മ തോമസ് അധ്യക്ഷത വഹിക്കും. നാലിനു മാധ്യമ സെമിനാർ മാത്യൂസ് വർഗീസ് ഉദ്ഘാടനം ചെയ്യും. ടി.കെ. രാജഗോപാൽ അധ്യക്ഷത വഹിക്കും. ദീപിക അസോസിയേറ്റ് എഡിറ്റർ സെർജി ആന്റണി, കെ.ജി. മുകുന്ദൻ, കെ. ടോണി ജോസ്, വി. ജയകുമാർ, ഡോ. നടുവട്ടം സത്യശീലൻ, ബിജി കുര്യൻ, ഡോ. ലിജി മോൾ പി. ജേക്കബ്, എസ്. സനിൽ കുമാർ, ചെറുകര സണ്ണി ലൂക്കോസ്, സക്കറിയ കുര്യൻ തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് സാഹിത്യപ്രവർത്തക സംഘം സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും കെ. റോയി പോൾ ഉദ്ഘാടനം ചെയ്യും. ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. അഞ്ചിനു രാവിലെ എഴുത്തുകൂട്ടം സാഹിത്യോത്സവം ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ചർച്ച എസ്. ഹരീഷ് ഉദ്ഘാടനം ചെയ്യും. ഡോ. കുര്യാസ് കുന്പളക്കുഴി അധ്യക്ഷത വഹിക്കും.
ആറിനു രാവിലെ സാഹിത്യസെമിനാർ കഥാകൃത്ത് സി. ഗണേഷ് ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് സ്കറിയ അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിന് നാടകോത്സവം അവാർഡ് ദാനം നടക്കും. ഏഴിനു രാവിലെ കോട്ടയം സാഹിത്യോത്സവത്തിൽ എം.എൻ. കാരശേരി പ്രഭാഷണം നടത്തും. വൈകുന്നേരം സാഹിത്യ സംവാദത്തിൽ സുനിൽ പി. ഇളയിടം പങ്കെടുക്കും. എട്ടിനു ഉച്ചകഴിഞ്ഞു ജില്ലാ വികസന സെമിനാർ അൽഫോൻസ് കണ്ണന്താനം എംപി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നടക്കുന്ന കോട്ടയം സാഹിത്യോത്സവത്തിൽ പ്രമുഖ ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ മുഖ്യാതിഥിയാകും.ഒന്പതിനു പ്രതിച്ഛായാ സാഹിത്യവേദി സെമിനാറിൽ ഡോ. കുര്യാസ് കുന്പളക്കുഴി അധ്യക്ഷത വഹിക്കും. വൈകുന്നേരം ചാവറ സെമിനാർ തിരക്കഥാകൃത്ത് ജോണ് പോൾ ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് മതിലകത്ത് അധ്യക്ഷത വഹിക്കും. രാജീവ് ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തും. പുസ്തകമേള 10ന് സമാപിക്കും.
സമാപനസമ്മേളനം എംജി സർകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. കെ. സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യാതിഥിയാകും. ദർശന സാംസ്കാരിക കേന്ദ്രം, കോട്ടയം നഗരസഭ, എംജി യൂണിവേഴ്സിറ്റി, ജില്ലാ പഞ്ചായത്ത്, വിവിധ മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ സംയുക്തമായിട്ടാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.