കൊച്ചി മേയര്‍ സൗമിനി ജെയിനു പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.മുതിര്‍ന്ന നേതാക്കളായ വി എം സുധീരന്, പ്രൊഫ. കെ വി തോമസ്, പി ജെ കുര്യന്, എം എം ഹസ്സന് എന്നിവര്‍ മേയര്‍ മാറ്റത്തെ എതിര്‍ത്ത് രംഗത്തു വന്നു. ഗ്രൂപ്പു വ്യത്യാസമില്ലാതെ പലരും മേയറെ സ്ഥാനത്തു നിന്നു തെറിപ്പിക്കാനുള്ള കരുക്കള്‍ നീക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ മേയര്‍ക്ക് പിന്തുണയേറുന്നത്.
എറണാകുളത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, ഡൊമിനിക് പ്രസന്റേഷന്, കെ ബാബു, ഹൈബി ഈഡന് തുടങ്ങിയവരെല്ലാം മേയര്‍ മാറണമെന്ന നിലപാടിലാണ്. ഇക്കാര്യം ഇവര്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സൗമിനി ജെയിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ബെന്നി ബഹനാന്, രമേശ് ചെന്നിത്തല, വിഡി സതീശന് എന്നിവര്‍ സൗമിനിയെ മാറ്റണമെന്ന നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ഇതുവരെ യാതൊരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലാത്ത സൗമിനിയെ മാറ്റണ്ടേ കാര്യമില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കളും മുസ്ലിംലീഗും. ഇത് മേയര്‍ക്ക് ആശ്വാസമാകുകയാണ്.
രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്ന മുതിര്‍ന്ന നേതാക്കളായ പിസി ചാക്കോയും കെ സി വേണുഗോപാലും മേയര്‍ സൗമിനിയെ മാറ്റുന്നതിലുള്ള എതിര്‍പ്പ് നേരത്തെ തന്നെ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു.കെപിസിസി നേതൃത്വം വിഷയത്തില്‍ രണ്ടുതട്ടിലായതോടെ മേയര്‍മാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തുകയായിരുന്നു. തിരക്കിട്ട് മേയറെ മാറ്റുന്നതിനോട് വ്യക്തിപരമായി മുല്ലപ്പള്ളിയും അനുകൂലിക്കുന്നില്ല. ഇതോടെ മേയര്‍മാറ്റത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. മാത്രമല്ല വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളില്‍ മേയര്‍ മാത്രമാണ് ഉത്തരവാദിയെന്ന് മുദ്രകുത്തി, സൗമിനിയെ അപമാനിച്ച് പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.
ഈ വാദത്തിന് മറുപടിയായി മേയര്‍മാറ്റം വേണമെന്ന നിലപാടുകാര്‍ വ്യക്തമാക്കുന്നത് മേയര്‍ അടക്കം എല്ലാരംഗത്തും അഴിച്ചുപണി നടത്തണമെന്നാണ്. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര് എന്നീ പദവികളിലെല്ലാം പുതിയവരെ തെരഞ്ഞെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോര്‍പ്പറേഷനില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്. മേയര്‍ സൗമിനിയെ മാറ്റുന്നതിനെ എതിര്‍ത്ത് 10 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കെപിസിസിയെ സമീപിച്ചിട്ടുമുണ്ട്. മുസ്ലിം ലീഗ് അംഗം ഹാരിസും, രണ്ട് വനിതാ കൗണ്‍സിലര്‍മാരും സൗമിനിയെ മാറ്റുന്നതിനോട് വിയോജിച്ചിട്ടുണ്ട്. സൗമിനിയെ മാറ്റിയാല്‍ രാജിവെക്കുമെന്നാണ് വനിതാ കൗണ്‍സിലര്‍മാര്‍ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളത്. ഇതും തിരക്കിട്ടുള്ള നീക്കത്തില്‍ നിന്നും കെപിസിസിയെ പിന്തിരിപ്പിക്കുന്നുണ്ട്.