പാലക്കാട്: പീഡനത്തിനിരയായി വാളയാറിൽ പെൺകുട്ടികൾ മരിച്ച കേസിൽ പോലീസ് വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ തയാറായില്ലെന്നും ആരോപണം. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതിവിധിയുണ്ടാവാൻ പ്രധാന കാരണം പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പഴുതുകളാണെന്ന് കരുതപ്പെടുന്നു.
പതിമ്മൂന്നുകാരിയായ പെൺകുട്ടിയുടെ കേസിൽ ഫോറൻസിക് സർജൻ കൊലപാതകസാധ്യതയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെങ്കിലും അതു സംബന്ധിച്ച് കൃത്യമായ പരിശോധന നടത്താനോ കേസിനെ ബലപ്പെടുത്താൻ സഹായകമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനോ അന്വേഷണസംഘത്തിന് സാധിച്ചില്ലെന്നതാണ് കേസ് ദുർബലമാകാനിടയാക്കിയത്. ഒമ്പതുവയസുകാരിയായ ഇളയകുട്ടിയുടെ തൂങ്ങിമരണത്തിലും സംശയമുയർന്നിരുന്നു.
കട്ടിലിന്റെ പടിയിൽ കയറിനിന്ന് കുരുക്കിട്ട് മരിച്ചുവെന്ന പോലീസ് വിശദീകരണം യുക്തിക്കു ചേരുന്നതല്ലെന്ന് നേരത്തെതന്നെ ആരോപിച്ചിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയ വിദഗ്ധ പോലീസ് സർജൻ നിർദേശിച്ച സാധ്യതകളും വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
തൂങ്ങിമരിക്കാൻ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന ലുങ്കി കേസിലെ ഒരു പ്രതിയുടേതായിരുന്നു. ഇത് എങ്ങനെ അവിടെയെത്തിയെന്നതു സംബന്ധിച്ചും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നില്ല. കേസ് സംബന്ധിച്ച് പോക്സോ കോടതിവിധിയിൽ തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടിരിക്കുന്നതായി സൂചനയുണ്ട്.