കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി താൻ മുഖേന നിരവധി തവണ സ്വർണാഭരണങ്ങൾ വിൽക്കുകയും, മാറ്റി വാങ്ങുകയും ചെയ്തതായി കേസിലെ രണ്ടാം പ്രതി മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജിയുടെ മൊഴി. കോഴിക്കോട് മലബാർ ജ്വല്ലറിയിൽ ജീവനക്കാരനാണ് മാത്യു.
ജോളി നൽകിയ ആഭരണം താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വിറ്റുവെന്ന മൊഴിയെതുടർന്ന് ജ്വല്ലറിയിൽ പരിശോധന നടത്തി ഇടപാടുകളുടെ ബില്ലുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വടകര തീരദേശ ഇൻസ്പെക്ടറുടെ കസ്റ്റഡിയിലുള്ള മാത്യുവിനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഡിവൈഎസ്പി ആർ. ഹരിദാസ് ചോദ്യം ചെയ്തപ്പോഴാണ് ആഭരണം പലതവണ വിറ്റതായി മാത്യു സമ്മതിച്ചത്.
ആഭരണങ്ങളോട് ജോളിക്ക് അടങ്ങാത്ത ഭ്രമമായിരുന്നെന്നും, ജോളി റോയ് തോമസിന്റെ ഭാര്യയായി കൂടത്തായിയിൽ എത്തിയ കാലംമുതൽ അവരുമായി അടുത്തബന്ധം പുലർത്തിയെന്നും മാത്യു മൊഴി നൽകി. ആഭരണ ഭ്രമമുള്ള ജോളി ഇടുക്കി കട്ടപ്പനയിലെ സഹോദരന്റെ വീട്ടിൽ നിന്നു വരെ സ്വർണം മോഷ്ടിച്ചതായും പോലീസ് സ്ഥിരീകരിച്ചിരുന്നു. മൂന്നാംപ്രതി പ്രജുകമാറിൽ നിന്ന് രണ്ടുതവണ സയനൈഡ് വാങ്ങിയിട്ടുണ്ടെന്ന മൊഴി മാത്യു ഇന്നലെയും ആവർത്തിച്ചു. ഇതേതുടർന്ന് പ്രജു കുമാറിന് സയനൈഡ് നൽകിയ പേരാമ്പ്ര സ്വദേശി സത്യനെ ഇന്നലെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ വീണ്ടും ചോദ്യം ചെയ്തു.
സ്വർണപ്പണിക്കാരനായ താൻ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് വാങ്ങിയ സയനൈഡ് രണ്ടുതവണ പ്രജുകമാറിന് നൽകിയതായി സത്യൻ മൊഴി നൽകി. തിരുനെൽവേലിയിൽ ആഭരണം പ്ലേറ്റുചെയ്യുന്ന ജോലി കുടിൽ വ്യവസായമായതിനാൽ സയനൈഡ് സംഘടിപ്പിക്കാൻ പ്രയാസമില്ലെന്നും, 550 രൂപ നൽകി വാങ്ങിയ 250 ഗ്രാം സയനൈഡാണ് ആദ്യമായി പ്രജു കമാറിന് നൽകിയതെന്നും സത്യൻ മൊഴി നൽകി.
പ്രജു കുമാറിൽനിന്ന് ലഭിച്ച ഇത്രയും സയനൈഡ് ജോളിക്ക് നൽകിയതായും, ജോളി ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും സയനൈഡ് നൽകിയതായും മാത്യു സമ്മതിച്ചു. ആൽഫൈൻ കൊല്ലപ്പെടുന്നതിന് മുൻപായാണ് ഒരു കൈമാറ്റം നടന്നത്. മാത്യു എവിടെ വച്ചാണ് ജോളി ക്ക് സയനൈഡ് കൈമാറിയതെന്നും പോലീസിനോട് പറഞ്ഞു.
പല തവണ രാത്രിയിൽ മാത്യു ജോളിയെ കാണാൻ കൂടത്തായിയിലെ വീട്ടിൽ പോകുമായിരുന്നെന്നും മൊഴിയിലുണ്ട്. സയനൈഡ് കൈമാറ്റം അടക്കം വിശദമയി അന്വേഷിക്കാൻ ഇന്ന് മാത്യുവിനെ കൂടത്തായിയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.