തുറവൂര്‍: തീരദേശത്തെ ഭീതിയിലാഴ്ത്തി കടലിളക്കം. വന്‍ തിരമാലകളാണ് കരയിലേയ്ക്ക് ആഞ്ഞടിക്കുന്നത്. കടലിന്റെ അടിത്തട്ടിളകി ചെളിയോടു കൂടിയുള്ള തിരമാലയാണ് കരയിലേക്ക് അടിച്ചു കയറുന്നത്. കഴിഞ്ഞ രാത്രി നിലവധി സ്ഥലങ്ങളില്‍ കടല്‍ കരയിലേയ്ക്ക് കയറി. വേലിയേറ്റ സമയങ്ങളില്‍ കൂറ്റന്‍ തിരമാലയാണ് ഉണ്ടാകുന്നത്.
പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, അഴിക്കല്‍, ഒറ്റമശേരി, തൈക്കല്‍ ഭാഗങ്ങളിലാണ് കടല്‍കയറിയത്. കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലും കടല്‍ ഭിത്തി തകര്‍ന്ന സ്ഥലങ്ങളിലും ശക്തമായ തിരമാല കരയിലേയ്ക്ക് ഇരച്ചുകയറുന്നുണ്ട്. ഇതുവരെ കാണാത്ത പ്രതിഭാസമാണ് കടലില്‍ കാണുന്നതെന്ന് തീരദേശവാസികള്‍ പറയുന്നു.
കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി മത്സ്യതൊഴിലാളികള്‍ കടലില്‍ പോയിട്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മത്സ്യതൊഴിലാളികളെയാണ്. മാസത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് മത്സ്യ ബന്ധനത്തിന് പോകുവാന്‍ സാധിക്കുന്നത്. ഇതു മൂലം തീരം വറുതിയിലേയ്ക്ക് നീങ്ങുകയാണ്.