വൈപ്പിൻ: നിർമാണം പാതിവഴിയിൽ അവസാനിപ്പിച്ചതിനെ തുടർന്ന് മുരുക്കുംപാടം പൊതുശ്മശാനം പൂർണമായ തോതിൽ പ്രവർത്തനമാരംഭിക്കാൻ കഴിയാത അവസ്ഥയിൽ. നിലവിൽ മൃതദേഹം സംസ്കരിക്കുന്നതിനായി ഇവിടെ രണ്ട് ചൂളകളാണുണ്ടായിരുന്നത്. ഇതിൽ പഴയ ചൂള പൊളിച്ച് ആധുനീക രീതിയിൽ നിർമിക്കാനും ശ്മശാനം മോടിപിടിപ്പിക്കാനുമായി ജില്ലാപഞ്ചായത്താണ് ഫണ്ട് അനുവദിച്ചത്.
മുഖവാരവും കെട്ടിടവും എല്ലാം പണി തീർത്തെങ്കിലും ചൂളയുടെ പണികൾ ഇതുവരെ തീർന്നിട്ടില്ല. ഒന്നര വർഷം മുന്പ് ഇതിന്റെ പണികൾ ആരംഭിച്ചപ്പോൾ ആറുമാസത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു പഞ്ചായത്തധികാരികളുടെ പ്രഖ്യാപനം. എന്നാൽ പണികൾ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്.
ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായതിനാൽ രണ്ട് ചൂളകൾ ഇല്ലാത്തത് പൊതുജനത്തിനു ദുരിതം വിതക്കുകയാണ്. മുരുക്കുംപാടത്ത് ഒഴിവില്ലെങ്കിൽ പച്ചാളത്തേക്ക് കൊണ്ട് പോകുകയേ നിവർത്തിയുള്ളു. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ടവർ ചൂള നിർമാണം പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് അപെക്സ് റസിഡന്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.