ചാവക്കാട്: ചേറ്റുവ ഹാർബറിൽ നിന്നും ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് വള്ളങ്ങളിൽ ഒന്ന് തകർന്നു. ഒരാളെ കാണാതായി. നാലുപേരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡിനെ ഏൽപിച്ചു. സാമുവൽ എന്ന വള്ളമാണ് തകർന്നത്.പൊന്നാനി ആഴക്കടലിൽ വച്ചാണ് സംഭവം. നാല് ദിവസം മുന്പാണ് രണ്ട് ഒഴുക്കൽ വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോയത്.
ന്യൂനമർദം ശക്തമായതിനെ തുടർന്ന് ഇവരെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തീരദേശ പോലീസ് തെരച്ചിൽ നടത്തുന്നതിനിടയിൽ ഒരു വള്ളക്കാരെ വിവരം അറിയിക്കാൻ കഴിഞ്ഞു. ആഴക്കടലിൽ കടൽ ശാന്തമാണെങ്കിലും തീരത്ത് കടൽക്ഷോഭവും വലിയ തിരമാലകളും ശക്തമായതിനാൽ കരയ്ക്കെത്താൻ കഴിയുന്നില്ലെന്നാണ് ഒരു വള്ളക്കാർ പോലീസിനെ അറിയിച്ചത്.
ഈ വിവരം കോസ്റ്റ്ഗാർഡിനെ അറിയിച്ച് തെരച്ചിൽ നടത്തുന്നതിനിടയിലാണ് സാമുവൽ വള്ളം പൊന്നാനി ആഴക്കടലിൽ തകർന്ന വിവരം ലഭിക്കുന്നത്. ഇതിൽ കാണാതായ തൊഴിലാളി ആരെന്ന് വിവരം ലഭിച്ചിട്ടില്ല. തീരദേശ പോലീസും കോസ്റ്റ്ഗാർഡും വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്.
ഇതിനിടെ കടപ്പുറം പഞ്ചായത്തിൽ തീരമേഖലയിൽ ഉച്ചയോടെ കടൽക്ഷോഭം രൂക്ഷമായി. മൂസ റോഡ്, അഞ്ചങ്ങാടി വളവ് എന്നിവിടങ്ങളിൽ കടൽവെള്ളം റോഡ് മുറിച്ച് കവിഞ്ഞൊഴുകി. രാവിലെ ചെറിയതോതിൽ ആരംഭിച്ച കടൽക്ഷോഭം ഉച്ചയ്ക്ക് രൂക്ഷമാകുകയായിരുന്നു. ഒട്ടേറെ സ്ഥലത്ത് കടൽ കരയ്ക്ക് കയറുന്നുണ്ട്.
ന്യൂനമർദത്തെ തുടർന്ന് കടലിൽ കാറ്റും മഴയിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് വന്നപ്പോൾ തീരദേശ പോലീസ് മൈക്ക് വഴി പ്രചരണം നടത്തി. ഇത് അറിഞ്ഞതോടെ കരയിലുള്ളവർ വിവരം അറിയിച്ച് മത്സ്യബന്ധനത്തിന് പോയവരെ തിരിച്ച് വിളിക്കുകയായിരുന്നു. മിക്കവരും തിരിച്ച് എത്തിയപ്പോഴാണ് രണ്ട് വള്ളങ്ങളിലായി പോയ 14 പേർ തിരിച്ചെത്തിയില്ല എന്ന വിവരം അറിയുന്നത്. ഇവരെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. ു