തലശേരി: അപകടാവസ്ഥയിലായ തലശേരി കടല്‍പ്പാലത്തിലേക്ക് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന കടല്‍പ്പാലത്തില്‍ അപായ സൂചന നല്കുന്ന ബോര്‍ഡ് പോലും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല.
ഏത് സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ് കടല്പ്പാലമുള്ളത്. പാലത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകളില്‍ പലതും ഇതിനകം അടര്‍ന്ന് കടലില്‍ പതിച്ചു കഴിഞ്ഞു. ചരിത്രമുറങ്ങുന്ന പൈതൃക നഗരിയുടെ ഗതകാല വാണിജ്യ പ്രതാപത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ച തലശേരി കടല്‍പ്പാലം നവീകരിക്കുമെന്ന മാറി മാറി വന്ന സര്‍ക്കാറുകളുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
പതിറ്റാണ്ടുകളായി വാഗ്ദാനം മാത്രം കേട്ടു മടുത്ത തലശേരിയിലെ ജനങ്ങള്‍ക്ക് ഇനി ഇക്കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരപേക്ഷ മാത്രമേയുള്ളൂ. “അപകടമൊഴിവാക്കാനുള്ള മുന്‍ കരുതലെങ്കിലും അധികൃതര്‍ സ്വീകരിക്കണം’.കഴിഞ്ഞ ഇടതുഭരണ കാലത്ത് കടല്‍പ്പാലത്തിന്റെ നവീകരണത്തിനായി ഏഴര കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. പൈതൃക നഗര വികസ പദ്ധതിയില്‍പെടുത്തി ഹാര്‍ബര്‍ എൻജിനീയറിംഗ് വകുപ്പാണ് കടല്‍പ്പാലത്തിന്റെ നവീകരണ പ്രവര്‍ത്തി നടത്താന്‍ ധാരണയായിരുന്നത്.
എന്നാല്‍ ഈ പദ്ധതിയില്‍ കടല്‍പ്പാലത്തിന്റെ സമീപത്തു കൂടിയുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനം മാത്രമാണ് നടന്നത്. ദേശീയപാതയില്‍ നിന്നും കടല്‍പ്പാലത്തിലേക്കുള്ള പിയര്‍ റോഡിന്റെ നവീകരണവും കടല്‍പ്പാലത്തിന് സമാന്തരമായിട്ടുള്ള കടലോര പാതയുടെ നിർമാണവും ഇതിനകം പൂര്‍ത്തിയായിരുന്നു.
കടല്‍പ്പാലത്തിന്റെ നിലനില്‍പ്പിനായി ഒരു നിര്‍മാണ പ്രവര്‍ത്തിയും നടത്താന്‍ ഇതു വരെ ബന്ധപ്പെട്ട അധികൃതര്‍ക്കായിട്ടില്ല. കോടി കണക്കിനു രൂപയാണ് തലശേരി കോട്ടയിലുള്പ്പെടെ ടൂറിസം വികസനത്തിന്റെ പേരില്‍ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. എന്നിട്ടും പാലം ബലപ്പെടുത്താന്‍ പോലും തയാറാകാത്ത അധികൃതരുടെ നടപടി ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
“കടൽപ്പാലം നവീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം’
തലശേരി: വടക്കെ മലബാറിലെ വാണിജ്യ നഗരമെന്ന് പേര് കേട്ട തലശേരിയിലെ കടൽ പാലം നവീകരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ചരിത്രമുറങ്ങുന്ന കടൽ പാലം അപകടാവസ്ഥയിലാണ് ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലുള്ള സംരക്ഷിക്കാൻ അധികൃതർ ഇനിയും വൈകരുതെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.