കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡിസിസിയിൽ കൈയാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണു തർക്കമുണ്ടായത്. മുതിർന്ന നേതാക്കളുടെയും മേയറുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം.
അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോർമൻ ജോസഫാണു മേയറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഈ മേയറെ വച്ച് ഇനിയും മുന്നോട്ടു പോകാനാവില്ലെന്നും മേയർ താനടക്കമുള്ള നേതാക്കളോടുപോലും മാന്യമായി പെരുമാറുന്നില്ലെന്നും നോർമൻ പറഞ്ഞു.
മുതിർന്ന നേതാക്കളായ കെ.ബാബു, കെ.വി. തോമസ്, കെ.പി. ധനപാലൻ, ലിനോ ജേക്കബ്, ലാലി വിൻസെന്റ്, ലൂഡി ലൂയിസ്, മേയർ സൗമിനി ജെയിൻ തുടങ്ങിവർ ഈ സമയം ചടങ്ങിലുണ്ടായിരുന്നു. ക്ഷുഭിതനായ നോർമൻ ജോസഫിനെ പിടിച്ചുമാറ്റാൻ മറ്റു നേതാക്കൾ ശ്രമിച്ചപ്പോൾ, ഇയാൾ അവരെ തള്ളി മാറ്റി. ഇതോടെ ആക്രോശവും ഉന്തും തള്ളുമായി. ചടങ്ങ് അലങ്കോലമായി.
ഇതിനു പിന്നാലെ നോർമൻ ജോസഫിനെ ഡിസിസി പ്രസിഡന്റ് പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. കൈയാങ്കളി നടക്കുന്പോൾ മേയർ സൗമിനി ജെയിൻ ഒരു പ്രതികരണവും നടത്താതെ നിശബ്ദയായി ഇരിക്കുകയായിരുന്നു.