പത്തനംതിട്ട: പമ്പാനദിയിൽ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി ജില്ലാ കളക്ടർ നിരോധിച്ചു. തീർഥാടകർ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്നാനം ചെയ്യുന്നതിനാൽ ജലം മലിനപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുമായതിനാലാണു സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിക്കുന്നതെന്നു ജില്ലാ കളക്ടർ അറിയിച്ചു.
ശബരിമല തീർഥാടനകാലം അടുക്കവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. തീർഥാടനകാലം കഴിയുന്പോൾ പന്പ കൂടുതൽ മലിനീകരിക്കപ്പെടും. മാലിന്യ സംസ്കരണത്തിന്റെ അഭാവമാണ് മുഖ്യകാരണം.
വിശ്വാസത്തിന്റെ പേരിലാണെങ്കിൽ പോലും പന്പ മലിനമാക്കുന്നവർക്കെതിരെ ജല നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കണമെന്നും പന്പയിൽ മലിനീകരണ നിരോധം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നതാണ്. ജലസ്രോതസുകളുടെ മലിനീകരണം ഒരുവർഷം മുതൽ ആറുവർഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമാണ് ശബരിമല. നവംബറിൽ ആരംഭിക്കുന്ന രണ്ടുമാസത്തെ തീർഥാടനകാലത്തു മാത്രം ആറു കോടിയിലധികം ആൾക്കാരാണു ശബരിമലയിലെത്തുന്നത്. എത്തുന്നവരെല്ലാം ആചാരത്തിന്റെ പേരിൽ വസ്ത്രം പുണ്യ നദി പന്പയിൽ ഉപേക്ഷിച്ചിട്ടാണ് മടങ്ങാറുള്ളതും.