കോട്ടയം: ജനറൽ ആശുപത്രിയ്ക്കു മുകളിൽ മരം വീണു പരിക്കേറ്റ അഞ്ചു പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ. ഇന്നലെ രാത്രിയിൽ മരം വീണുണ്ടായ അപകടത്തിൽ അഞ്ചു പേർക്കാണ് പരിക്കേറ്റത്. പാക്കിൽ കാരുണ്യ ഭവനിൽ കരുണാകരൻ (68), കഞ്ഞിക്കുഴ അലീന നിവാസിൽ ഓമന (49), അയ്മനം ചിറയിൽ തന്പി (43), ഭാര്യ ബിന്ദു (40), തോട്ടയ്ക്കാട് സ്വദേശിനി സരസമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്.
ജനറൽ ആശുപത്രിയിലെ പതിനൊന്നാം വാർഡിനു സമീപം നിന്നിരുന്ന കൂറ്റൻമരം മറിഞ്ഞു ഷീറ്റു മേഞ്ഞ കെട്ടിടത്തിന്റെ മുകളിലേക്കു പതിക്കുകയായിരുന്നു. മേൽക്കൂരയിലെ ഷീറ്റും സിലിംഗ് തകർന്നു വീണാണ് എല്ലാവർക്കും പരിക്കേറ്റത്. കരുണാകരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മറ്റുള്ളവർ രോഗികളുടെ കൂട്ടിരിപ്പുകാരായിരുന്നു.
വലിയ ശബ്ദത്തോടെ മരം കെട്ടിടത്തിനു മുകളിലേക്കു വീണതോടെ രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെയുള്ളവർ ഭയന്ന് നിലവിളിച്ചു പുറത്തേക്ക് ഓടുകയായിരുന്നു. കിടപ്പു രോഗികളായിരുന്നു ചിലർ ഭയർന്നു കട്ടിലിൽ നിന്നും നിലത്തു വീണു.
ഒടിഞ്ഞുവീണ മരം മേൽക്കൂരയിൽ തട്ടി നിന്നതിനാലാണു വൻദുരന്തം ഒഴിവായത്. പിന്നീട് ഇവിടെ കഴിഞ്ഞിരുന്ന രോഗികളെ മറ്റു വാർഡുകളിലേക്കു മാറ്റി. കുറച്ചുസമയത്തിനുശേഷം ഫയർഫോഴ്സ് ഉദ്യോസ്ഥർ എത്തി മരം മുറിച്ചുനീക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൾപ്പെടെയുള്ളവർ രാവിലെ സ്ഥലം സന്ദർശിച്ചശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു. ്