തിരുവനന്തപുരം: മദ്യലഹരിയിൽ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. കിളിമാനൂർ തട്ടത്തുമ്മല പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ സഞ്ജു (29) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ തട്ടത്തുമ്മല പറണ്ടക്കുഴി ജംഗ്ഷനിലായിരുന്നു സംഭവം. സഞ്ജുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ തട്ടത്തുമ്മല സ്വദേശികളായ അൽ അമീൻ, അൽ മുബീൻ എന്നിവരെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- രാത്രിയിൽ നിലമേലിലെ ഒരു ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ സഞ്ജു, ഷിബു എന്നിവരും അൽ അമീൻ, അൽ മുബീൻ , അൽതാഫ് എന്നിവരടങ്ങിയ സംഘവും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നീട് ബാറിൽ നിന്നും വീട്ടിലേക്ക് പോകവെ തട്ടത്തുമ്മല പറണ്ടക്കുഴിയിൽ വച്ച് ഇരുകൂട്ടരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. ഇതേ തുടർന്ന് അൽ അമീൻ കത്തിയെടുത്ത് സഞ്ജുവിനെയും ഷിബുവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു.
പരിക്കേറ്റ സഞ്ജുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിബുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. സംഘർഷത്തിലേർപ്പെട്ട ഇരു കൂട്ടരും പരിചയക്കാരാണ്. പ്രതി അൽ അമീൻ ഇറച്ചിക്കച്ചവടം നടത്തിവരുന്നയാളാണെന്നും പോലീസ് പറഞ്ഞു.
കിളിമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി സഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.