തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനപ്പാപ്പാൻമാരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പിടിയിലായ മൂന്ന് യുവാക്കളെ ചേർത്തല കോടതി റിമാന്റ് ചെയ്തു. തൈക്കൽ ഒരാഞ്ചുപറന്പിൽ വിഷ്ണു (20), തൈക്കൽ നികർത്തിൽ ടോണി (26), തൈക്കൽ നിവർത്തിൽ അനന്തു (22) എന്നിവരെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ മാസം 26 ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം.
ദീപാവലി വലിയ വിളക്ക് ഉത്സവത്തിന്റെ എഴുന്നള്ളത്ത് കഴിഞ്ഞ് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ആനയെ തളച്ചശേഷം വിശ്രമമുറിയിൽ എത്തിയ പാപ്പാ·ാരായ തൃശൂർ സ്വദേശി നെബു (28), ചേർത്തല സ്വദേശി ശരത്ത് (36) എന്നിവരെയാണ് യുവാക്കൾ ആക്രമിച്ചത്. നെബുവിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. ശരത്തിനെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു.
സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ചിത്രങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുത്തിയതോട് പൊലീസ് അക്രമികളെ പിടികൂടിയത്. പിടിയിലായ വിഷ്ണുവിന്റെ പേരിൽ പട്ടണക്കാട് സ്റ്റേഷനിൽ നാല് കേസും അനന്തുവിന്റെ പേരിൽ ചേർത്തല സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു