ആലപ്പുഴ: ഹയർസെക്കൻഡറി വിഭാഗത്തിലെ അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കുന്ന ക്യൂഐപി കമ്മിറ്റിയിൽ ഹയർസെക്കൻഡറിയിലെ അംഗീകൃത സംഘടനകൾക്കൊന്നും പ്രാതിനിധ്യം നൽകാതെ ജനാധിപത്യ നീതി നിഷേധിച്ചിരിക്കുകയാണെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി. അത്തരം സമിതി ഹയർസെക്കൻഡറി മേഖലയെ നശിപ്പിക്കുന്ന തീരുമാനങ്ങളാണ് പ്രതിപക്ഷ സംഘടനകളുടെ എതിർപുപോലും വകവയ്ക്കാതെ പൊതു പരീക്ഷയുടെ കാര്യത്തിൽ എടുത്തിരിക്കുന്നതെന്നും എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
എസ്എസ്എൽസി ഹയർസെക്കൻഡറി കുട്ടികളെ ഇടകലർത്തി ഇരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം ഇരു പരീക്ഷകളുടെയും കാര്യക്ഷമത തകർക്കുകയും പരീക്ഷ നടത്തിപ്പ് തന്നെ ദുഷ്കരമാക്കുകയുംചെയ്യും. സമാധാനപരമായ അന്തരീക്ഷത്തിൽ പരീക്ഷയെഴുതാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്ന തീരുമാനം പിൻവലിക്കണമെന്നും ഇതിനെതിരെ രക്ഷാകർതൃസമൂഹം പ്രതികരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വ്യത്യസ്തമായ സമയക്രമം ഉള്ള പരീക്ഷകൾ ഒരുമിച്ചു നടത്തുന്പോൾ കുട്ടികൾക്ക് യഥാസമയം അഡീഷണൽ ഷീറ്റുകൾ ലഭ്യമാക്കുക, ഇരിപ്പിട ക്രമീകരണം നടത്തുക, പരീക്ഷാ ക്രമക്കേടുകൾ തടയുക, ഇത്രയും കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള റൂമുകൾ കണ്ടെത്തുക എന്നിവ താറുമാറാകും. ഏതുവിധേനയും ലയനം നടപ്പാക്കണമെന്ന ദുർവാശിയുടെ പേരിൽ കുട്ടികളുടെ ഭാവി പന്താടരുതെന്ന് സംഘടന ആവശ്യപ്പെട്ടു.