കൊച്ചി: പല പേരുകളിൽ കൊച്ചിയിൽ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഓണ്‍ലൈൻ തട്ടിപ്പ് വർധിച്ചുവരുന്നതായി പോലീസ്. അടുത്തകാലത്തായി ഇത്തരത്തിൽ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും അന്വഷണം ഊർജിതമാണെന്നും അധികൃതർ അറിയിച്ചു. അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെടുന്നതിനു പുറമെ ഓണ്‍ലൈൻ വഴി ഓർഡർ ചെയ്തു ലഭിക്കുന്ന ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതാണെന്നുകാട്ടിയുള്ള പരാതികളും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ കൊറിയർ സ്ഥാപനത്തിന്റെ പേരിൽ നടന്ന ഓണ്‍ലൈൻ തട്ടിപ്പിൽ രണ്ടു പേരിൽനിന്നായി 40,000 രൂപയാണ് നഷ്ടമായത്. ഇതു സംബന്ധിച്ച പരാതിയിൽ മരട് പോലീസ് അന്വേഷണം ഊർജിതമാക്കി. തൃപ്പൂണിത്തുറ പേട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കാണു സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം നഷ്ടപ്പെട്ടത്. സ്ഥാപനത്തിൽനിന്നു ബംഗളൂരുവിലേക്ക് ഒരു കൊറിയർ അയച്ചിരുന്നു.
ഇതിന്റെ ചാർജിൽ 10 രൂപ കുറവുണ്ടെന്ന് സ്ഥാപനത്തിലേക്കു വിളിച്ചറിയിച്ചു. ഈ തുക അടക്കാൻ ആവശ്യപ്പെട്ടു കൊറിയർ സ്ഥാപനത്തിൽനിന്നു നൽകിയ ലിങ്കിൽ വിരൽ അമർത്തിയപ്പോഴാണ് ഒരാൾക്ക് പതിനായിരം രൂപയും മറ്റൊരാൾക്ക് നാലു തവണയായി 30,497 രൂപയും അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടത്. സംഭവത്തിനുശേഷം വനിതാ ജീവനക്കാരി മരട് പോലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.
കൊറിയർ സ്ഥാപനത്തിൽനിന്ന് അയച്ചുനൽകിയ ഓണ്‍ലൈൻ ലിങ്കിൽ “ഗൂഗിൾ പേ’ വഴി പണം നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്. പണം അയയ്ക്കാൻ ശ്രമിച്ച സ്ഥാപനത്തിലെ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽനിന്നാണു പതിനായിരം രൂപ നഷ്ടപ്പെട്ടത്.
തുടർന്ന് പണം അയയ്ക്കാനായി വിരലമർത്തിയ വനിതാ ജീവനക്കാരിയുടെ അക്കൗണ്ടിൽനിന്നു മിനിറ്റുകളുടെ വ്യത്യാസത്തിൽ നാലു പ്രാവശ്യമായി മുപ്പതിനായിരത്തോളം രൂപ പിൻവലിക്കപ്പെട്ടു. അടുത്തകാലത്തായി ഇത്തരത്തിൽ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും അന്വഷണം നടത്തിവരികയാണെന്നും മരട് പോലീസ് അറിയിച്ചു. കൊച്ചി നഗരത്തിൽ ഉൾപ്പെടെ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ ദിനവും അരങ്ങേറുന്നുണ്ട്.