ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളുടെ സംരക്ഷണത്തിനും പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണത്തിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്പർകുട്ടനാട് മേഖലയും തീരദേശവും ഉൾപ്പെടുന്ന കിഴക്കും പടിഞ്ഞാറുമായിട്ടുള്ള ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ജനങ്ങൾ തോരാതെ പെയ്യുന്ന മഴമൂലം ഗുരുതര അതിജീവന പ്രതിസന്ധിയിലാണ്.
കൊയ്ത്തിനു തയാറായ പാടശേഖരങ്ങൾ വെള്ളം കയറി നഷ്ടപ്പെട്ടതും കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളം കയറിയതും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതും സാധാരണ ജനജീവിതം ഏറെ ദുസഹമാക്കിയിരിക്കുകയാണ്. സംസ്ഥാന ജലസേചന മന്ത്രിയോടും കൃഷി മന്ത്രിയോടും മത്സ്യ തുറമുഖമന്ത്രിയോടും രേഖാമൂലം നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യപ്പെട്ടു കത്ത് നല്കിയിട്ടുണ്ട്.
തീരദേശത്ത് പ്രഖ്യാപിച്ച സൗജന്യ റേഷനു പുറമെ പ്രളയബാധിത പ്രദേശത്തും റേഷൻ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭ നടക്കുന്നതിനാൽ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കളക്ടർക്ക് ഫോണിലൂടെ രമേശ് ചെന്നിത്തല നിർദേശം നല്കി.