ഏറ്റുമാനൂർ: സംഗീത അധ്യാപകൻ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന ആക്ഷേപത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി കൂടുതൽ മാതാപിതാക്കൾ. ഏറ്റുമാനൂരിലെ ഗവണ്മെന്റ് മോഡൽ റസിഡൻഷൽ സ്കൂളിലെ സംഗീത അധ്യാപകൻ നരേന്ദ്ര ബാബുവിനെതിരെയാണു ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ എത്തിയത്.
വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം ഏറ്റുമാനൂർ പോലീസ് കേസ് എടുത്തതായി ഏറ്റുമാനൂർ സിഐ എ.ജെ. തോമസ് പറഞ്ഞു. അധ്യാപകന്റെ പെരുമാറ്റത്തിൽ വിദ്യാർഥിനികൾ സ്കൂളിലെ അധ്യാപികയോടും പ്രധാന അധ്യാപകനോടും പരാതി അറിയിച്ചിട്ടും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
ആശ്ലീലമായ സംഭാഷണങ്ങളും വിദ്യാർഥിനികളെ അനാവശ്യമായി സ്പർശിച്ചതുമുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണു മാതാപിതാക്കൾ ഉന്നയിച്ചത്. 16 വിദ്യാർഥിനികൾ പരാതി പറഞ്ഞിട്ടുണ്ട്. കേസ് പിൻവലിക്കാൻ വിദ്യാർഥിനികളെ വിളിച്ചുവരുത്തി ആവശ്യപ്പെടുകയും അസംബ്ലി വിളിച്ചുചേർത്തു നിങ്ങൾ പരാതി നൽകിയിട്ടുണ്ടെങ്കിൽ അതു പിൻവലിക്കണമെന്നു സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതായും സ്കൂൾ സീനിയർ സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ 2018-19 വർഷത്തിൽ കലോത്സവത്തിനിടയിൽ മോശമായി പെരുമാറിയതായി ആരോപണമുണ്ട്. അന്നു മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീടും ആവർത്തിച്ചെന്നാണ് പരാതി. ഇതേത്തുടർന്ന് 12 വയസുകാരികളായ 13 വിദ്യാർഥികൾ സ്കൂൾ കൗണ്സിലർക്കു പരാതി നൽകി.
ഒക്ടോബർ 22ന് സ്കൂൾ സീനിയർ സൂപ്രണ്ട് വിദ്യാർഥിനികളെ നേരിട്ടു വിളിച്ചു പരാതി കേട്ടു. പിറ്റേന്നു സ്കൂൾ സീനിയർ സൂപ്രണ്ട് 23ന് രാവിലെ പ്രധാന അധ്യാപകനെയും മറ്റ് അധ്യാപകരെയും വിളിച്ചുവരുത്തി വിദ്യാർഥിനികളുടെ പരാതിയിൽ കഴന്പ് ഉണ്ടന്നും സംഭവത്തിൽ ജില്ലാ പ്രോജക്ട് ഓഫീസർക്കു റിപ്പോർട്ട് നൽകാനും തീരുമാനിച്ചതായും അറിയിച്ചു.
ഇതേത്തുടർന്ന് ഒരു വിഭാഗം അധ്യാപകർ സീനിയർ സൂപ്രണ്ടിനെ ഓഫീസിൽ പൂട്ടിയിട്ടു. സംഭവം പുറത്തായതിനെത്തുടർന്നു കഴിഞ്ഞ ദിവസം ജില്ലാ അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ നേരിട്ടെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൻ ഇന്നലെ വിദ്യാർഥിനികളുടെ മൊഴി ഫസ്റ്റ് ക്ലാസ് ജുഡിഷൽ മജിസ്ട്രേറ്റ് കെ.ആർ. സിനിയും രേഖപ്പെടുത്തിയിട്ടുണ്ട്.