തൃശൂർ: യാത്രക്കാരെ വലച്ച് തൃശൂർ – പാലക്കാട് റൂട്ടിലെ ബസ് സമരം രണ്ടാം ദിവസവും തുടർന്നു. സമരം അവസാനിപ്പിക്കാൻ ജില്ല കളക്ടർ നാളെ ബസ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തും.കുതിരാനിൽ റോഡുപണികൾ ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബസുകൾ സർവീസ് നടത്താൻ തയ്യാറല്ലെന്നാണ് സൂചന.
മഴ മാറാതെ ടാറിംഗോ അറ്റകുറ്റപ്പണികളോ നടത്താനാവില്ലെന്നിരിക്കെ തുലാവർഷം കഴിയാതെ കാര്യമായ പണികളൊന്നും കുതിരാനിൽ സാധ്യമല്ലെന്നും പറയുന്നു. മഴക്കാലത്ത് ഉപയോഗിക്കാവുന്ന ടാർ ഉപയോഗിച്ച് ടാറിംഗ് നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.തൃശൂർ – പാലക്കാട് റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ടെങ്കിലും യാത്രക്ലേശത്തിന് അത് വേണ്ടത്ര പരിഹാരമാകുന്നില്ലെന്ന് പരാതിയുണ്ട്.
തൃശൂർ – ഷൊർണൂർ റൂട്ടിലെ സ്വകാര്യബസുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. ഷൊർണൂർ കുളപ്പുള്ളിയിൽ നിന്ന് പാലക്കാട്ടേക്ക് പോകാൻ ബസുകളുള്ളതിനാൽ പലരും കുതിരാൻ വഴി പോകാതെ അൽപം വളഞ്ഞാണെങ്കിലും ഷൊർണർ വഴി പാലക്കാട്ടേക്ക് പോകുന്നുണ്ട്.