പെരിന്തൽമണ്ണ: ഖത്തറിലേക്കു ഹാഷിഷ് കടത്താനായി ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഹാഷിഷുമായി പിടിയിലായ കാസർഗോഡ് സ്വദേശിയെ റിമാൻഡ് ചെയ്തു. കാസർഗോഡ് ഹോസ്്ദുർഗ് സ്വദേശി ഷബാന മൻസിലിൽ മുഹമ്മദ് ആഷിഖി (25)നെയാണ് പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തിൽ എസ്ഐ മഞ്ജിത് ലാലും സംഘവും ഇന്നലെ അറസ്റ്റു ചെയ്തത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഒന്നരക്കോടിയോളം രൂപ വില വരുന്ന വീര്യം കൂടിയ 1.47 കിലോഗ്രാം ഹാഷിഷുമായാണ് യുവാവ് പെരിന്തൽമണ്ണയിൽ പിടിയിലായത്. ആഷിഖ് ഖത്തറിലേക്കു പോകുന്ന മറ്റൊരു ഏജന്റിനു ഹാഷിഷ് ഒളിപ്പിച്ച ബാഗ് കൈമാറാനായി പെരിന്തൽമണ്ണയിൽ എത്തിയതെന്നാണ് സൂചന. ഇതിനിടെയാണ് പോലീസ് പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിദേശത്ത് ഡിജെ പാർട്ടികളിലും ഡാൻസ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ലഹരിമരുന്നാണിത്. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ടു ഖത്തറിൽ മലയാളികകൾ ഉൾപ്പെടെയുള്ളവർ ജയിൽ ശിക്ഷയനുഭവിക്കുന്നതിനെക്കുറിച്ചും മറ്റും മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരം പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശനു കൈമാറുകയായിരുന്നു.
തുടർന്നു പെരിന്തൽമണ്ണ എസ്ഐ മഞ്ജിത് ലാലും സംഘവും ഒരുമാസത്തിലധികം കരിപ്പൂർ വിമാനത്താവള പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തിയതിൽ ഇത്തരത്തിൽ കാരിയർമാർക്ക് മയക്കുമരുന്നു ബാഗിലും മറ്റും ഒളിപ്പിച്ചു കൈമാറുന്ന സംഘത്തെകുറിച്ച് വിവരം ലഭിച്ചു.
മംഗലാപുരം, കാസർഗോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തിൽ മലപ്പുറം ജില്ലയിലെ മങ്കട, പെരിന്തൽമണ്ണ, കോട്ടക്കൽ, ആനക്കയം, കൊണ്ടോട്ടി എന്നിവിടങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായി എഎസ്പി രീഷ്മ രമേശൻ അറിയിച്ചു.
ഒരു ലക്ഷം രൂപ മുതൽ മൂന്നു ലക്ഷം രൂപയും വിസയും ടിക്കറ്റുമാണ് മയക്കുമരുന്നുമായി വീദേശത്തേക്കു പോകുന്ന കാരിയർമാർക്കു സംഘം വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൈമാറുകയാണ് രീതി.
പിടിക്കപ്പെടാതിരിക്കാൻ വിദഗ്ധമായി പായ്ക്കിംഗും മറ്റും ചെയ്തു കൊടുക്കാനും പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ബംഗളുരൂ, കരിപ്പൂർ, കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു ഖത്തറിൽ അടുത്ത ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ടു എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണ് ലഹരിമരുന്നു കടത്തുന്നതെന്നാണ് സൂചന.
മാരക ശേഷിയുള്ള എംഡിഎംഎ, ബ്രൗണ് ഷുഗർ, ട്രമഡോൾ ടാബ്ലറ്റ്, കഞ്ചാവ്, കെമിക്കൽ മിക്സ്ഡ് ഹാഷിഷ് തുടങ്ങിയവയും ഇത്തരത്തിൽ കടത്തുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും എഎസ്പി അറിയിച്ചു.