കുന്നിക്കോട് :വയോജനങ്ങള്‍ക്കായി കട്ടില് വാങ്ങിയതില്‍ അഴിമതിയെന്നാരോപണം. വിളക്കുടി ഗ്രാമപഞ്ചായത്തിലാണ് 10 ലക്ഷത്തോളം രൂപ വിനിയോഗിച്ച് വയോജനങ്ങൾക്ക് കട്ടിൽ വാങ്ങിയത്. 2018-19 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം കോട്ടയത്തെ സ്വകാര്യ ഏജൻസിയിൽ നിന്നും കട്ടിലുകൾ വാങ്ങിയത്.
കട്ടിലുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭരണകക്ഷിക്കാരും പ്രതിപക്ഷവുംപ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ഇവ വിതരണം ചെയ്യാതെ ഇളമ്പൽ കാർഷിക വികസന കേന്ദ്രത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്.പഞ്ചായത്തിലെ 20 വാർഡുകളിലെ ജനറൽ വിഭാഗങ്ങൾക്കായി ഒരു കട്ടിലിന് 3400 രൂപ നിരക്കിൽ 300 ഓളംകട്ടിലുകളാണ് വാങ്ങിയത്.
വെള്ളത്തടികൾ കൊണ്ട് നിർമ്മിച്ച കട്ടിലിൽ കനം കുറഞ്ഞ ഗുണനിലവാരമില്ലാത്ത പ്ലൈവുഡ് അടിച്ച് പോളിഷ് അടിച്ചവയാണ്.ഇവ കണ്ടപ്പോഴാണ് പ്രതിപക്ഷമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.പട്ടികജാതി ഗുണഭോേക്താക്കൾക്കായി നൽകുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷം വാങ്ങിക്കൂട്ടിയ കട്ടിലുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാതെ കുന്നുകൂടി കിടക്കുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി വീണ്ടും ഗുണനിലവാരമില്ലാത്തവ വാങ്ങിക്കൂട്ടിയത്.
കട്ടിലുകൾ വാങ്ങിയതിൽ വ്യാപക അഴിമതി നടന്നതായും ഇതിൽ പഞ്ചായത്ത് ഭരണാധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പങ്കിനെ കുറിച്ച് അന്വേഷണം വേണമെന്നും യു.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് കുന്നിക്കോട് ഷാജഹാൻ ആവശ്യപ്പെട്ടു.