ബർലിൻ: തൊണ്ണൂറ്റി മൂന്നാം വയസിലും ട്രക്കിന്റെ വളയം പിടിയ്ക്കുന്ന കാൾഷാബ്ഹൂസർ എന്ന ജർമൻകാരൻ ഡ്രൈവിംഗ് ലോകത്തിനുതന്നെ അതിശയമാകുന്നു. തന്റെ പ്രഫഷണൽ ജീവിതത്തിൽ 7.3 ദശലക്ഷം കിലോമീറ്ററുകൾ താണ്ടിയ ഈ വന്ദ്യവയോധികന് അടുത്ത അഞ്ചു വർഷത്തേക്കുകൂടി അദ്ദേഹത്തിന്റെ ഹെവി ഡ്യൂട്ടി ഗ്രൈവിംഗ് ലൈസൻസ് നീട്ടിക്കൊടുത്തു.
ജർമനിയിലെ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ വാറൻഡോർഫ് ഗതഗാതകാര്യാലയ ഓഫീസാണ് കാൾ ഷാബ് ഹൂസറിന് ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകിയത്. അതാവട്ടെ അദ്ദേഹം അഭിമാനത്തോടെ ലോകത്തെ കാണിക്കുകയും ചെയ്തു.
പുതുക്കി നൽകലിനു മുന്പുള്ള കാളിന്റെ വൈദ്യപരിശോധനയിൽ ന്ധഡോക്ടർമാർ ഒന്നും കണ്ടെത്തിയില്ലന്ധ എന്ന റിപ്പോർട്ട് അധികാരികളുടെ മുന്പിൽ വച്ചപ്പോൾ അവരും അത്ഭുതത്തോടെയാണ് കാളിനെ നോക്കിക്കണ്ടത്. ലൈസൻസ് പുതുക്കലിനു മുന്പുള്ള പരിശീലനമെല്ലാം തന്നെ സംശയലേശമെന്യേ തെളിയിക്കാൻ കഴിഞ്ഞതിനാൽ അദ്ദേഹം യോഗ്യനാണെന്നാണ് അധികാരികൾ സാക്ഷ്യപ്പെടുത്തിയത്.
മകളുടെ സ്പെഡീഷൻ കന്പനിയിൽ സഹായിയായി ജോലി ചെയ്യുന്ന കാൾ 40 ടണ് ഹെവി ഡ്യൂട്ടി വാഹനത്തിന്റെ സ്റ്റിയറിംഗിനു പിന്നിൽ അദ്ദേഹം സ്വതന്ത്രനാണ്. 98 വയസുവരെ ട്രക്ക് ഓടിക്കാനാണ് കാളിന് അനുമതി നൽകിയത്. 1951 ൽ നേടിയ ഡ്രൈവിംഗ് ലൈസൻസ് കാൾ മൂന്നു ക്ലാസിലാണ് ( മോട്ടോർ സൈക്കിൾ, കാർ, ട്രക്ക്) ലൈസൻസ് എടുത്തത്.
അദ്ദേഹം 28ാം വയസിൽ ഒരു ചരക്ക് കൈമാറ്റക്കാരന്റെ(സ്പെഡീഷൻ) ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. 65ാം വയസിൽ കാൾ ഷാബ്ഹൂസർ വിരമിച്ചു, അതായത് 28 വർഷം മുന്പ്. എങ്കിലും പെൻഷനർ ജീവിതം മാറ്റിവച്ചു വീണ്ടും ഡ്രൈവറായി. ഇപ്പോൾ നികുതി രഹിത മിനി ജോലിചെയ്യുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ