സൂര്യപേട്ട്: വിവാഹ ചടങ്ങിനിടെ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്കു പരിക്ക്. തെലങ്കാന സൂര്യപേട്ട് ജില്ലയിലെ കൊഡാടിൽ നടന്ന വിവാഹ ചടങ്ങിനിടെയാണു സംഭവം.
കൊഡാട് മണ്ഡൽ സ്വദേശി അജയും പ്രകാശം സ്വദേശി ഇന്ദ്രജയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ചൊവ്വാഴ്ചയാണു കൊഡാടിൽ നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾ കഴിഞ്ഞതോടെ പെണ്‍കുട്ടിയെ പ്രകാശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ വധുവിന്റെ ബന്ധുക്കൾ ആരംഭിച്ചു. ഇതിനിടെ ഡിജെ നടത്തണമെന്നു വരന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ദീർഘദൂരം യാത്ര ചെണമെന്നു ചൂണ്ടിക്കാട്ടി ഈ ആവശ്യം വധുവിന്റെ ബന്ധുക്കൾ നിരസിച്ചു.
ഇതുസംബന്ധിച്ചു വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. ഇതു പിന്നീടു കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവിഭാഗങ്ങളും പരസ്പരം കസേരകളും വടികളും ഉപയോഗിച്ച് ആക്രമിച്ചു. സ്ഥലത്തു പോലീസ് എത്തിയതോടെയാണു സംഘർഷത്തിന് അയവുവന്നത്.
സംഘർഷത്തിൽ മൂന്ന് പേർക്കു പരിക്കേറ്റു. പോലീസുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കല്യാണ പന്തലിൽ കസേരകൾ ഉപയോഗിച്ച് തമ്മിലടിക്കുന്ന ബന്ധുക്കളുടെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പരാതി നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, സ്റ്റേഷനിലെത്തിയ വരനും വധുവിനും തങ്ങൾക്കു പരാതിയില്ലെന്നും ഒന്നിച്ചു ജീവിക്കാനാണു തീരുമാനമെന്നും വ്യക്തമാക്കി.