മുക്കം: രാഹുൽ ഗാന്ധി എംപിയുടെ ഫണ്ടിനോട് അയിത്തം കൽപ്പിച്ച് സിപിഎം ഭരിക്കുന്ന മുക്കം നഗരസഭക്ക് കീഴിലുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്റർ മാനേജ്മെന്റ് കമ്മിറ്റി. മലയോര മേഖലയിലെ ആയിരക്കണക്കിന് രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ വയനാട് എംപി രാഹുൽഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്നാനാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
ഏറെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആശ്വാസമായായിരുന്നു ഒരു മാസം മുൻപ് രാഹുൽ ഗാന്ധിയുടെ 2019 -20 വര്ഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കെട്ടിട നിർമാണത്തിന് 40 ലക്ഷം രൂപ അനുവദിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് രാഹുൽഗാന്ധി അനുവദിച്ച തുക കെട്ടിട നിർമാണത്തിന് വേണ്ടെന്നും അത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും തീരുമാനമെടുത്തത്. എൽഡിഎഫ് ഭരിക്കുന്ന മുക്കം നഗരസഭ അധ്യക്ഷനാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാൻ. മെഡിക്കൽ ഓഫിസർ കൺവീനറും.
മുക്കം നഗരസഭയുടെ കീഴിലുള്ള മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സംരക്ഷണ സമിതിയടക്കം രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നതിനിടെയാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് തന്നെ ആശുപത്രിയെ തകർക്കുന്ന രീതിയിലുള്ള തീരുമാനമുണ്ടായത്.
കിഫ്ബിയിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി മൂന്നു കോടിയോളം രൂപ മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയാനായി അനുവദിച്ചിട്ടുണ്ടെന്നും അതിനാലാണ് രാഹുൽഗാന്ധി അനുവദിച്ച പണം കെട്ടിട നിർമാണത്തിന് വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ കഴിഞ്ഞ നാലു വർഷത്തിനിടെ കിഫ്ബിയിൽ നിന്ന് തുക അനുവദിച്ചെന്ന് പറയുന്നതല്ലാതെ സ്ഥലം എംഎൽഎ ജോർജ് എം. തോമസോ ഉദ്യോഗസ്ഥരോ ഇതുവരെ പ്രാഥമിക നടപടികൾ പോലും സ്വീകരിച്ചിട്ടില്ല.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്തുതന്നെ പ്രവർത്തിക്കുന്ന സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നീക്കത്തിനു പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അത്യാഹിത വിഭാഗത്തോടു കൂടി 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയും കിടത്തി ചികിത്സയും വേണമെന്നടക്കമുള്ള ആവശ്യം നാട്ടുകാർ ഉന്നയിക്കുമ്പോഴാണ് കെട്ടിട നിർമാണത്തിന് അനുവദിച്ച തുക ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വേണ്ടെന്നു വയ്ക്കുന്നത്.