സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് ഇപ്പോൾ നഗരത്തിൽ പോലീസ് വഴിയിൽ തടയുകയോ പിഴയിടുകയോ ചെയ്യുന്നില്ലെങ്കിലും അടയ് ക്കേണ്ട പിഴ തുക കൃത്യമായി വീട്ടിൽ വരുമെന്ന മുന്നറിയിപ്പുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. ഗതാഗത നിയമലംഘനങ്ങൾ പോലീസ് ഉദ്യോഗസ്ഥർ കാമറകളിൽ പകർത്തുകയും കോടതി നടപടികൾക്ക് വിധേയമാക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.
ഇതു പ്രകാരം ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, ഒട്ടോ ഡ്രൈവർമാരുടെ യൂണിഫോം ഇടാതെയുള്ള സവാരി മറ്റു ചെറുതും വലുതുമായ ഗതാഗത നിയമലംഘനങ്ങളെല്ലാം പരിശോധിച്ചുവരികയാണ്.
കൂടാതെ ഇ ചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർ ക്യത്യമായി ഹെൽമറ്റ് ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ദിവസേനയുള്ള ഗതാഗതക്കുരുക്കും അപകടങ്ങളും.
അതിനാൽ തിരുവനന്തപുരം സിറ്റിയിലെ ഗതാഗതം മികവുറ്റതാക്കുന്നതിന് പുതിയ ഗതാഗത നിയന്ത്രണ സംവിധാനം നടപ്പിലാക്കിവരികയാണെന്നും ഇതിനോട് പൊതുജനങ്ങൾ സഹകരിക്കണമെന്നു സിറ്റി പോലീസ് വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ ട്രാഫിക് നിയമ ലംഘനങ്ങൾ റിക്കോർഡ് ചെയ്ത് ടിസിവിജിൽ വാട്സ് ആപ് 9497975000 നന്പറിലേക്കോ, ട്രാഫിക് വാറ്റ്സ് ആപ് നന്പരിലേയ്ക്കോ 9497001099 സമയം, തീയതി, സ്ഥലം എന്നിവ സഹിതം അയച്ചുതരാവുന്നതാണ്.അയച്ചുതന്ന നിയമലംഘനങ്ങൾക്ക് കർശന നിയമനടപടികൾ സ്വീകരിക്കും.
വിവരങ്ങൾ അയച്ചുതന്ന വ്യക്തികളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കും. തിരുവനന്തപുരം നഗരത്തെ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നതെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ പറഞ്ഞു.