കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയെക്കൊണ്ട് പോലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല. മുദ്രാവാക്യം വിളിച്ചപ്പോൾ അപ്പോൾ അടുത്തേക്കു ചെന്ന ജമീലയോട്, ഇങ്ങനെ വിളിക്കാൻ പോലീസ് പറഞ്ഞതാണെന്നും ഇല്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കുമെന്നും താഹ പറഞ്ഞു. അപ്പോൾ തന്നെ പോലീസ് താഹയുടെ മുഖം പൊത്തിപ്പിടിച്ചതെന്നും ജമീല പറഞ്ഞു.
അയൽവാസികളെയെല്ലാം വിളിച്ചുവരുത്തിയ ശേഷമാണു മുദ്രാവാക്യം വിളിപ്പിച്ചത്. പോലീസ് ഉപദ്രവിച്ചെന്നു താഹ പറഞ്ഞു. ഒരു കൊടിയാണു പോലീസുകാർ തെളിവെന്നും പറച്ചു എടുത്തുകൊണ്ടുപോയത്. സിപിഎം അനുഭാവികളായ തങ്ങളുടെ വീട്ടിൽ പാർട്ടി കൊടി ഉണ്ടാവുന്നത് തെറ്റാണോ എന്നും താഹയുടെ അമ്മ ചോദിക്കുന്നു. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങളെന്നു പറഞ്ഞു പോലീസ് എടുത്തു കൊണ്ടുപോയത് മകന്റെ പുസ്തകങ്ങളാണെന്നും താഹയുടെ അമ്മ ആരോപിച്ചു.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാർഥി അലൻ ഷുഹൈബ്, ജേണലിസം വിദ്യാർഥി താഹ ഫസൽ എന്നിവരെയാണു ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ലഘുലേഖകൾ വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇവർക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി. കണ്ണൂർ സർവകലാശാലയിൽ നിയമ വിദ്യാർഥിയായ അലൻ എസ്എഫ്ഐ അംഗമാണ്. താഹ സിപിഎം പാറമ്മൽ ബ്രാഞ്ച് അംഗവും.
തങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്നും ഭരണകൂട ഭീകരതയാണു തങ്ങളോടു കാണിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. കോടതിയിൽ വച്ചു മാധ്യമങ്ങളെ കണ്ടപ്പോഴാണ് അറസ്റ്റിലായവർ ആരോപണം ഉന്നയിച്ചത്. തങ്ങളുടെ കൈയിൽനിന്നു ലഘുലേഖകളൊന്നും പോലീസ് പിടിച്ചെടുത്തിട്ടില്ല. സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പോലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനിൽ വച്ചു തന്നെ പോലീസ് മർദ്ദിച്ചെന്നും താഹ ആരോപിച്ചു. തങ്ങൾക്കെതിരെ ഒരു തെളിവുമില്ലെന്നും ഭരണകൂട ഭീകരതയാണു തങ്ങളോടു കാട്ടുന്നതെന്നും അലൻ ഷുഹൈബ് ആരോപിച്ചു.
സംഭവം വിവാദമായതോടെ നടപടിയിൽ മുഖ്യമന്ത്രി വിശദീകരണം തേടി. ഏതു സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ലോകനാഥ് ബെഹ്റയോടു മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ, യുവാക്കൾക്കെതിരായ യുഎപിഎ നിയമം നിലനിൽക്കുമെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി. അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ എന്നിവർക്കെതിരേ പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും ഐജി പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു പോലീസ് മുന്നോട്ടുപോകുന്നതെന്നാണ് ഐജി നൽകുന്ന വിശദീകരണം.