കോട്ടയം: എംജി സർവകലാശാല മാർക്ക് ദാനത്തിലൂടെ വിജയിപ്പിക്കുകയും വിവാദമായപ്പോൾ നടപടി റദ്ദാക്കപ്പെടുകയും ചെയ്ത ബിടെക് വിദ്യാർഥികളിൽ ഏതാനും പേർ സപ്ലിമെന്ററി പരീക്ഷയിലൂടെ വിജയം നേടി. ബിടെക് പാസാകാൻ ഒരു മാർക്ക് ഒൗദാര്യം ചോദിച്ചെത്തിയ കായംകുളം സ്വദേശിനിയായ വിദ്യാർഥിനിയും വിജയിച്ചവരിൽ ഉൾപ്പെടുന്നു. പ്രത്യക അദാലത്തിലൂടെ നൽകിയ മാർക്കു ദാനം പിൻവലിക്കാനും പാസാക്കിയ 119 പേരുടെ മാർക്ക് ലിസ്റ്റ് തിരികെ വാങ്ങാനും അയയ്ക്കാൻ തയാറാക്കി വച്ച 69 മാർക്ക് ലിസ്റ്റുകൾ റദ്ദാക്കാനും സർവകലാശാല തീരുമാനമെടുത്തതിനു പിന്നാലെയാണ് സപ്ലിമെന്ററി ഫലം വന്നിരിക്കുന്നത്.
മാർക്ക് ദാനത്തിലൂടെ കടന്നുകൂടുകയും പിന്നീടു തീരുമാനം റദ്ദാക്കപ്പെടുകയും ചെയ്തവരിൽ 25 പേർ സപ്ലിമെന്ററിയിൽ വിജയം നേടിയതായാണു പ്രാഥമികവിവരം. 80 മാർക്കുള്ള ഓരോ പേപ്പറിനും 15 മാർക്ക് വരെ മോഡറേഷൻ നൽകിയപ്പോഴാണ് ഇത്രയും പേർ എൻജിനിയറിംഗ് കടന്പ കടന്നത്. എല്ലാ പരീക്ഷകൾക്കും 15 ശതമാനം മുതൽ 20 ശതമാനം വരെ മാർക്ക് മോഡറേഷൻ നൽകാറുണ്ടെന്നു സർവകലാശാല അധികൃതർ പറഞ്ഞു.
കായംകുളംകാരി സ്വാശ്രയകോളജ് വിദ്യാർഥിനി ആറാം സെമസ്റ്ററിലെ ഒരു പരീക്ഷയ്ക്കാണ് അഞ്ച് മാർക്ക് മോഡറേഷൻ ലഭിച്ചിട്ടും ഒരു മാർക്കിന്റെ കുറവിൽ തോറ്റതും തുടർന്ന് ഒൗദാര്യം ചോദിച്ചു യൂണിവേഴ്സിറ്റിയെ സമീപിച്ചതും.
മാർക്ക് ദാനത്തിലൂടെ നൽകിയ 119 മാർക്ക് ലിസ്റ്റുകൾ തിരികെയെത്തിക്കാൻ സർവകലാശാല തിങ്കളാഴ്ച മെമ്മോഅയയ്ക്കാനിരിക്കുകയായിരുന്നു. സിൻഡിക്കറ്റിന്റെ പ്രത്യേക തീരുമാനത്തിൽ അദാലത്തിലൂടെ അഞ്ചു മാർക്കു വരെ അധിക ആനുകൂല്യത്തിൽ പാസാക്കുകയും പിന്നീട് തീരുമാനം പിൻവലിക്കുകയും ചെയ്തവരിൽ ചിലർ സപ്ലിമെന്ററിയിൽ പാസായതോടെ ഇവർക്കു പുതിയ മാർക്ക് ലിസ്റ്റ് നൽകും.
ബിടെക് കോഴ്സ് സാങ്കേതിക സർവകലാശാലയിലേക്കു മാറുന്നതിന് മുൻപ് എംജിയിൽ പഠിച്ചവരാണ് ഈ വിദ്യാർഥികൾ. അഞ്ചു മാർക്ക് വരെ വിവിധ തലങ്ങളിൽ മോഡറേഷൻ നൽകിയിട്ടും പാസാകാതെ വന്നവർക്കാണ് ഒരു മാർക്ക് മുതൽ അഞ്ചു മാർക്ക് വരെ അധിക മോഡറേഷൻ നൽകിയത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഇടത് അനുഭാവ സിൻഡിക്കറ്റ് അംഗവും ഈ മാർക്ക്ദാനത്തിൽ ഇടപെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെളിവുകൾ നിരത്തിയതോടെയാണു കഴിഞ്ഞ മാസം വിഷയം ഒച്ചപ്പാടുകൾക്കിടയാക്കിയത്.
റെജി ജോസഫ്