ദാമൻ: കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിലെ ബിജെപി അധ്യക്ഷൻ ഗോപാൽ ടൻഡേൽ രാജിവച്ചു. ഒരു യുവതിക്കൊപ്പമുള്ള നഗ്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണു രാജി. ടൻഡേൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് രാജിക്കത്തു സമർപ്പിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ അറിയിച്ചു.
രണ്ടു ദിവസം മുന്‍പാണു ടൻഡേലിന്റെ നഗ്ന വീഡിയോ ഗുജറാത്തിലും ദാമനിലും വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. 36 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണു പുറത്തുവന്നത്. രണ്ടു വർഷം മുന്‍പ് പകർത്തിയാണ് വീഡിയോ എന്നു കരുതപ്പെടുന്നു. ഈ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.
വീഡിയോ വ്യാജമാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ടൻഡേൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ പാർട്ടിയിൽ തന്നെയുള്ളവരാണു വീഡിയോയ്ക്കു പിന്നിലെന്നും താൻ വീണ്ടും പാർട്ടി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുന്നതു തടയാനാണു നീക്കമെന്നും പരാതിയിൽ ആരോപിക്കുന്നു.
അടുത്തയാഴ്ചയാണ് ദാമൻ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടക്കുന്നത്. മനോജ് നായിക്, വിശാൽ ടൻഡേൽ എന്നിവരാണു ടൻഡേലിന്റെ മുഖ്യ എതിരാളികൾ. അറുപത്തിയഞ്ചുകാരനായ ടൻഡേൽ നാലു വർഷം മുന്‍പാണു ബിജെപിയിൽ ചേർന്നത്. കോണ്‍ഗ്രസ്, എൻസിപി പാർട്ടികളിലും പ്രവർത്തിച്ചിട്ടുള്ള ടൻഡേൽ, ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.